ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 704 പേർ; ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

0
150

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 704പേർ. ഗസ്സ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ചക്കിടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,791 ആയി. 16,297 പേർക്കാണ് പരിക്കേറ്റത്.

ഗസ്സ സിറ്റിയിലെ അൽവഫ ആശുപത്രി കവാടത്തിലും പരിസരത്തിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണം. രോഗികളെ ഒഴിപ്പിക്കാനാവില്ലെന്നും കൂടുതൽപേരും കോമയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഗസ്സയിലെ പല ആശുപത്രികളിലെയും ഇന്ധനം തീർന്നു തുടങ്ങി. വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ ഇന്തോനേഷ്യൻ ആശുപത്രിയിലെ ഇന്ധനം തീർന്നതോടെ ഇൻക്യുബേറ്ററിൽ കഴിയുന്ന നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് അപകടത്തിലായത്. താൽക്കാലികമായി കുറച്ച് സമയത്തേക്കുള്ള ഇന്ധനം എത്തിച്ചെങ്കിലും എത്രസമയത്തേക്ക് തികയുമെന്ന് നിശ്ചയമില്ല.

അതിനിടെ, ഗസ്സയിൽ ഇസ്രായേലിന് ലക്ഷ്യംകൈവരിക്കാനാകുന്ന യുദ്ധപദ്ധതി ഇല്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ജനസാന്ദ്രതയേറിയ ഗസ്സയിൽ ഹമാസ് സങ്കീർണ്ണമായ തുരങ്ക ശൃംഖലകൾ സൃഷ്ടിച്ചിട്ടുണ്ട്. കരയുദ്ധത്തിൽ ഇതിനെ മറികടക്കുക ഇസ്രായേലിന് എളുപ്പമാവില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനെ അറിയിച്ചു. പുതിയ യുദ്ധതന്ത്രങ്ങൾ മെനയാൻ പെന്റഗൺ മൂന്ന് സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേലിലേക്കയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here