ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കൾ കോൺഗ്രസിലേക്ക്? വെളിപ്പെടുത്തലുമായി ഡി.കെ. ശിവകുമാർ

0
149

ബംഗളൂരു: ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കൾ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആം ആദ്മി പാർട്ടിയിലെ 100 പ്രവർത്തകരും കോൺഗ്രസിലേക്ക് വരാൻ താൽപര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സഖ്യത്തിൽ ചേരാനുള്ള ജെ.ഡി.എസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത്. ഈ നേതാക്കളുടെ അപേക്ഷ പാർട്ടി നേതൃത്വം പരിശോധിച്ചുവരികയാണ്. പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തിയശേഷം മാത്രമേ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളു. ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും നേതാക്കളുടെ വരവ് പ്രാദേശിക തലത്തിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. എന്നാൽ, നേതാക്കളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

ഇത്രയും നേതാക്കൾ ഒറ്റയടിക്ക് കോൺഗ്രസിലെത്തുന്നതോടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഭരണ മാറ്റത്തിനും വഴിയൊരുങ്ങുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കൂടാതെ, ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിലും വിള്ളലുണ്ടാക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here