18 ദിവസം, ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ, 6364 കുട്ടികൾക്ക് പരിക്ക്; ആശങ്ക രേഖപ്പെടുത്തി യുണിസെഫ്

0
147

ഗാസ: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ യുണിസെഫ് ആശങ്ക രേഖപ്പെടുത്തി. ഗാസയിൽ 18 ദിവസത്തിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 6364 കുട്ടികൾക്ക് പരിക്കേറ്റു. ഇസ്രയേലില്‍ 30 കുട്ടികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.

അടിയന്തരമായ വെടിനിര്‍ത്തലിന് യുണിസെഫ് ആഹ്വാനം ചെയ്തു. ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗർലഭ്യം എന്നിവ നേരിടുന്നു. കുട്ടികളെ കൊല്ലുന്നതും പരിക്കേല്‍പ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികൾക്കും സ്‌കൂളുകൾക്കും നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡിൽ ഈസ്റ്റ് റീജിയണൽ ഡയറക്ടർ അഡെൽ ഖോദ്ർ പറഞ്ഞു. ഭക്ഷണം, വെള്ളം, വൈദ്യസഹായം, ഇന്ധനം എന്നിവയുൾപ്പെടെയുള്ള സഹായങ്ങള്‍ അനുവദിച്ചില്ലെങ്കിൽ ഗാസയിലെ മരണ സംഖ്യ കൂടുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ ഗാസയില്‍ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച സ്ഥിതിയാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും.  ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം ഇതിനകം നിലച്ചതായി ഗാസയിലെ അധികൃതര്‍ പറഞ്ഞു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 6000 കടന്നു.

അതേസമയം ഇസ്രയേല്‍ – പലസ്തീന്‍ ചര്‍ച്ചകള്‍ക്ക് അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. പലസ്തീനുമായുള്ള ബന്ധം തുടരും. ഇനിയും സഹായം നല്‍കുമെന്നും ഇന്ത്യ യുഎന്നില്‍ അറിയിച്ചു. അതേസമയം പശ്ചിമേഷ്യയില്‍ ഇന്ത്യ തല്‍ക്കാലം വെടിനിര്‍ത്തല്‍ ആവശ്യപ്പെടില്ല. ഹമാസിനെതിരെയുള്ള നീക്കത്തിന് പിന്തുണ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here