108 ആംബുലന്‍സ് ഇനി മൊബൈല്‍ ആപ്പിലൂടെയും വിളിക്കാം; നില്‍ക്കുന്ന സ്ഥലം കൃത്യമായി മനസിലാക്കി ആംബുലന്‍സ് എത്തും

0
112

തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും.

സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാനും സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാന്‍ സഹായകമാകും. ഈ മാസം മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830 ട്രിപ്പുകളാണ് ആംബുലന്‍സുകള്‍ ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കോവിഡ് അനുബന്ധ കേസുകള്‍ക്കും 198 ട്രിപ്പുകള്‍ നിപ അനുബന്ധ കേസുകള്‍ക്കും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നത്.

തിരുവനന്തപുരം ജില്ലയിയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ 108 ആംബുലന്‍സുകള്‍ ഓടിയത്. ഇവിടെ 1,17,668 ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ട്രിപ്പുകള്‍ ഓടിയത്. ഇവിടെ 23,006 ട്രിപ്പുകളാണ് 108 ആംബുലന്‍സുകള്‍ ഓടിയത്.

അതേസമയം കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനി ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടനാട് 3 മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളും വാട്ടര്‍ ആംബുലന്‍സും സജ്ജമാക്കിയതായി മന്ത്രി അറിയിച്ചു. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആലപ്പുഴ കുട്ടനാട് അടിയന്തിര സാഹചര്യം നേരിടുന്നതിന് വെള്ളത്തില്‍ സഞ്ചരിക്കുന്ന 3 മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍, വാട്ടര്‍ ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. ‘മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here