മാലിന്യം വലിച്ചെറിയുന്നവർക്ക് വമ്പൻ ശിക്ഷ വരുന്നു, മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയാം

0
161

തിരുവനന്തപുരം: 2023ലെ കേരള മുൻസിപ്പാലിറ്റി (ഭേദഗതി) കരട് ഓർഡിനൻസ് അംഗീകരിക്കാൻ തീരുമാനിച്ചു. 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഒർഡിനൻസും അംഗീകരിച്ചു. ഇത് ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള പിഴയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ് ഓർഡിനൻസ്.

നഴ്സിംഗ് കോളേജുകളിൽ പുതിയ തസ്തികകൾ

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകളിൽ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 79 തസ്തികകളാണ് സൃഷ്ടിക്കുക. 5 പ്രിൻസിപ്പൽമാർ, 14 അസിസ്റ്റന്റ് പ്രൊഫസർ, 6 സീനിയർ സൂപ്രണ്ട്, 6 ലൈബ്രേറിയൻ ഗ്രേഡ് ഒന്ന്, 6 ക്ലർക്ക്, 6 ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ 12 ട്യൂട്ടർ, 6 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്. 6 ഹൗസ് കീപ്പർ, 6 ഫുൾടൈം സ്വീപ്പർ, 6 വാച്ച്മാൻ എന്നിങ്ങനെ താത്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് കോളേജുകൾ.

തസ്തിക
തൃശ്ശൂർ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ 9 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. എറണാകുളം വാളകം മാർ സ്റ്റീഫൻ ഹയർ സെക്കന്റി സ്‌കൂളിൽ ഹിന്ദി, ബോട്ടണി, സുവോളജി വിഷയങ്ങളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ)ന്റെ 3 തസ്തികകളും, മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കായി എച്ച്.എസ്.എസ്.ടിയുടെ 3 തസ്തികകളും, രണ്ട് ലാബ് അസിസ്റ്റന്റ് തസ്തികകളും സൃഷ്ടിക്കും. ഒരു എച്ച്.എസ്.എസ്.ടി (ജൂനിയർ), ഇംഗ്ലീഷ് തസ്തിക അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

താനൂർ പാലം പുനർനിർമ്മാണത്തിന് ഭരണാനുമതി

താനൂർ പാലം പുനർനിർമ്മാണത്തിന് 17.35 കോടി രൂപയുടെ ഭരണാനുമതി നൽകി. താനൂർ ടൗണിലെ ഫിഷിങ്ങ് ഹാർബർ പാലം നിർമ്മാണം എന്ന പദ്ധതിക്ക് പകരം താനൂർ പാലം പുനർനിർമ്മാണ പദ്ധതി എന്ന പ്രവൃത്തി പരിഗണിക്കാൻ തീരുമാനിച്ചു.

കാലാവധി നീട്ടി

മുഖ്യമന്ത്രിയുടെ ദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ പ്രവൃത്തികളിൽ 2023 മാർച്ച് 31 ശേഷവും പൂർത്തീകരിക്കാത്തവയുടെ കാലാവധിയും ഗുണനിലവാരം പരിശോധിക്കുന്നതിന് രൂപീകരിച്ച റിട്ട. സുപ്രണ്ടിങ്ങ് എജിനിയർമാരുടെ കാലാവധിയും 2024 മാർച്ച് 31 വരെ നീട്ടി.

നിർദേശം അംഗീകരിച്ചു

ജില്ലാ പഞ്ചായത്തുകളുടെ 2022 23 വർഷത്തെ സ്പിൽ ഓവർ ബാധ്യത തീർക്കുന്നതിന് ഈ സാമ്പത്തിക വർഷം 200 ശതമാനത്തിൽ അധികം തുക മെയിന്റനൻസ് ഗ്രാന്റിനത്തിൽ ലഭ്യമായതും, ആകെ വിഹിതം ഒരു കോടി രൂപയിൽ അധീകരിച്ചുവരുന്നതുമായ ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ 10 സ്ലാബുകളാക്കി തിരിക്കും. അനുവദിക്കപ്പെട്ട ഫണ്ടിൽ നിന്നും 10 മുതൽ 40 ശതമാനം വരെ തുക കുറവ് വരുത്തി 148.0175 കോടി രൂപ കണ്ടെത്തുന്നതിനുള്ള നിർദേശം അംഗീകരിച്ചു.

പി. ഗോവിന്ദപ്പിള്ള സംസ്‌കൃതി പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് ഭൂമി

പി. ഗോവിന്ദപ്പിള്ള സംസ്‌കൃതി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തിരുവനന്തപും തൈക്കാട് ഭൂമി അനുവദിച്ചു. 8.01 ആർ ഭൂമി സൗജന്യ നിരക്കായ ആർ ഒന്നിന് പ്രതിവർഷം 100 രൂപ നിരക്കിൽ പത്ത് വർഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു.

എൻഎച്ച്എഐയുടെ മേഖലാ കാര്യാലയം സ്ഥാപിക്കുന്നതിന് തിരുവനന്തപുരം ചെറുവക്കൽ വില്ലേജിൽ 25 സെന്റ് ഭൂമി 1,38,92,736 രൂപ ന്യായ വില ഈടാക്കി പതിച്ചു നൽകാൻ തീരുമാനിച്ചു. നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here