‘അടുത്ത മഹാമാരി വൈകാതെ വന്നേക്കാം, ഡിസീസ് എക്സ് മൂലം 5 കോടിയോളം ജീവൻ നഷ്ടപ്പെടാം’

0
312

കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണമെന്ന് എന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത് അടുത്തിടെയാണ്. 76-ാമത് ആഗോള ആരോഗ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോ​ഗ്യ സംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്. കോവിഡിനേക്കാൾ തീവ്രമായ മറ്റൊരു വൈറസ് വന്നേക്കാമെന്നും സജ്ജരാകണമെന്നുമാണ് ലോകാരോ​ഗ്യ സംഘടന അറിയിച്ചത്. ഡിസീസ് എക്സ് എന്നു പേരിട്ടു വിളിക്കുന്ന ഈ അ‍ജ്ഞാതരോ​ഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഇപ്പോഴിതാ യു.കെയിൽനിന്നുള്ള ആരോ​ഗ്യ വിധ​ഗ്ധനും സമാനമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യു.കെയിലെ വാക്സിൻ ടാസ്ക്ഫോഴ്സിന്റെ അധ്യക്ഷനായിരുന്ന കേറ്റ് ബിം​ഗാം ആണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഡെയ്ലി മെയിലിനു നൽകിയ അഭിമുഖത്തിലാണ് ഡിസീസ് എക്സിനായി സജ്ജരായിരിക്കണമെന്ന് കേറ്റ് വ്യക്തമാക്കിയത്. 1918 മുതൽ 1920 വരെയുണ്ടായിരുന്ന സ്പാനിഷ് ഫ്ലൂവിന് സമാനമായിരിക്കുമെന്നും വരാനിരിക്കുന്ന രോ​ഗമെന്നും കേറ്റ് പറയുന്നുണ്ട്. 1918-18 ഫ്ലൂവിന്റെ സമയത്ത് അമ്പത് ദശലക്ഷത്തോളം പേർ ആ​ഗോളതലത്തിൽ മരണമടഞ്ഞു. അതേ മരണസംഖ്യ തന്നെ പ്രതീക്ഷിക്കാമെന്നാണ് കേറ്റ് പറയുന്നത്. അത് നിലവിലുള്ള പല വൈറസുകളിൽ ഒന്നിൽനിന്നാകാമെന്നും കേറ്റ് പറയുന്നു.

​ഗവേഷകർ നിലവിൽ ഇരുപത്തിയഞ്ചോളം വൈറസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയപ്പെടാതെ ഏകദേശം ഒരു ദശലക്ഷത്തോളം കാണാമെന്നും കേറ്റ് പറയുന്നു. കോവിഡ് ദശലക്ഷക്കണക്കിന് ജീവൻ അപഹരിച്ചുവെങ്കിലും ഭൂരിഭാ​ഗം പേർക്കും രോ​ഗം വരികയും ഭേദമാവുകയും ചെയ്തിട്ടുണ്ട്. ഡിസീസ് എക്സ് മീസിൽസ് പോലൊരു പകർച്ചവ്യാധിയും എബോള പോലെ മരണനിരക്കും ഉള്ളതാണെങ്കിൽ സ്ഥിതി​ ​ഗൗരവകരമാകുമെന്നും കേറ്റ് പറയുന്നു.

അറുപത്തിയേഴു ശതമാനത്തോളം മരണനിരക്കാണ് എബോളയ്ക്ക് ഉണ്ടായിരുന്നത്. പക്ഷിപ്പനിയും മെർസ് വൈറസും നിരവധി പേരുടെ ജീവൻ ഇല്ലാതാക്കി. അതിനാൽ തന്നെ അടുത്തൊരു മഹാമാരി പ്രവചനാതീതമായിരിക്കും. മഹാമാരികളുടെ നിരക്ക് കൂടുന്നതിനേക്കുറിച്ചും കേറ്റ് പറയുന്നുണ്ട്.

ആ​ഗോളവൽക്കരണത്തിലൂടെ ആളുകൾ കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതും വനനശീകരണം, തണ്ണീർത്തടങ്ങളുടെ നാശം എന്നിവ കാരണം വൈറസുകൾ ഒരു സ്പീഷീസിൽനിന്നു മറ്റൊന്നിലേക്ക് കടക്കുന്നതുമൊക്കെ മഹാമാരികൾക്ക് കാരണമാകുന്നുണ്ട് എന്നാണ് കേറ്റ് പറയുന്നത്.

ഡിസീസ് എക്സിനെ കേന്ദ്രീകരിച്ചുള്ള വാക്സിൻ തയ്യാറെടുപ്പുകൾക്ക് യു.കെ. ​ഗവേഷകർ ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. മനുഷ്യരെ ബാധിക്കാനും ലോകമെമ്പാടും അതിവേ​ഗം പടരാനും സാധ്യതയുള്ള വൈറസുകളെ കേന്ദ്രീകരിച്ചാണ് അവർ ​ഗവേഷണം നടത്തുന്നത്. പക്ഷിപ്പനി, മങ്കിപോക്സ്, ഹാന്റാവൈറസ് തുടങ്ങിയവയെ നിരീക്ഷിച്ചുവരികയുമാണ്.

ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോ​ഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ, ഡിസീസ് എക്സ് വൈകാതെ വരുമെന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം. ആ​ഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോ​ഗം വൈറസോ ബാക്ടീരിയയോ ഫം​ഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്.

ഡിസീസ് എക്സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോ​ഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക. 2018-ലാണ് ലോകാരോ​ഗ്യ സംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോ​ഗിക്കുന്നത്. ഒരു വർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സ് എന്ന് മുന്നറിയിപ്പ് നൽകി ആ​ഗോളതലത്തിൽ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കാമെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയത്.

വൈറൽ മഹാമാരികളെ സ്ഥിരീകരിക്കാനുള്ള കാലതാമസം കുറയ്ക്കുകയും വാക്സിനുകളും ഫലപ്രദമായ ചികിത്സയും ഉടനടി ലഭ്യമാക്കുകയുമാണ് ഡിസീസ് എക്സിന് പ്രാധാന്യം നൽകുന്നതിലൂടെ ലോകാരോ​ഗ്യ സംഘടന ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here