എന്തുകൊണ്ട് നിപ കേരളത്തിൽ, അല്ലെങ്കിൽ കോഴിക്കോട്ട്? കാരണം ഇവയാകാം!

0
187

കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ എല്ലായിടത്തും ചർച്ചകൾ നിപയെ പറ്റിയാണ്. 2018 ൽ കേരളം ആദ്യമായി കേട്ട പേര് ഇപ്പോൾ നാലാം തവണയും ഇവിടേക്കെത്തിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ രോഗം കേരളത്തിൽ പ്രത്യേകിച്ച് കോഴിക്കോട് ആവർത്തിക്കപ്പെടുന്നത്? എന്താണ് നിപയുടെ യഥാർത്ഥ ഉറവിടം? എവിടെയാണ് ഇത് ആദ്യമായി കണ്ടെത്തിയത്? എല്ലാം അറിയാം…

നിപ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് മലേഷ്യയിലാണ്. 1998-99 കാലത്തായിരുന്നു ഇത്. അന്ന് 265 പേരെ രോഗം ബാധിച്ചപ്പോൾ അതിൽ 105 പേരും മരണത്തിനു കീഴടങ്ങി. മലേഷ്യയിലെ (കാംപുങ് സുങ്ങായ്‌ നിപ) Kampung Sungai Nipah എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് ഈ വൈറസിനെ നിപ എന്ന് വിളിക്കാൻ തുടങ്ങിയത്. പ്രധാനമായും പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സിൽ പെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ.

എൽനിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിക്കാൻ തുടങ്ങിയതോടെ കാട്ടിലെ കായ്‌കനികൾ ഭക്ഷിച്ച് ജീവിച്ചിരുന്ന ഇവ നാട്ടിലേക്ക് കുടിയേറാൻ തുടങ്ങി. തുടർന്ന് വവ്വാലിൽനിന്നും നിപ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചു. പിന്നീട് ജനിതകമാറ്റം സംഭവിച്ച വൈറസ് മനുഷ്യരിലേക്കും പടരുകയായിരുന്നു. മലേഷ്യയിൽ വവ്വാലുകളിൽ നിന്നും പന്നികളിലേക്കും അവരിൽനിന്ന് മനുഷ്യരിലേക്കുമായിരുന്നു രോഗം പടർന്നത്.

മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലേഷ്യക്ക്‌ശേഷം സിംഗപ്പൂരിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും കാര്യമായ ജീവഹാനി ഉണ്ടായില്ല. 11 പേരിൽ രോഗം കണ്ടെത്തിയെങ്കിലും ഒരാൾ മാത്രമാണ് മരണമടഞ്ഞത്. തുടർന്ന് ബംഗ്ലാദേശിലെ ഒട്ടേറെ ജില്ലകളിൽ രോഗം പടരുകയും 2012 മാർച്ച് വരെ രോഗബാധിതരായ 263 പേരിൽ 196 പേരും മരണപ്പെടുകയും ചെയ്തു.

2001-ലാണ് നിപ ഇന്ത്യയിലെത്തുന്നത്. ബംഗാളിലെ സിലിഗുഡിയിൽ നിപ വൈറസ് ബാധിച്ച 71 പേരിൽ 50 പേർ മരിച്ചു. 2007-ൽ നാദിയയിൽ രോഗബാധയുണ്ടായ 30 പേരിൽ അഞ്ച് പേരും മരണപ്പെട്ടു.  ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ  പാരമിക്സോ വിറിഡേ (Paramyxoviridae) വിഭാഗത്തിൽ പെട്ട  ആർഎൻഎ വെറസുകളാണ് നിപ വൈറസുകൾ. വവ്വാലുകളുടെ ശരീരത്തിൽ നൂറ്റാണ്ടുകളായിത്തന്നെ വളരെ സ്വാഭാവികമായി കാണപ്പെടുന്ന വൈറസാണ് ഇത്. എന്നാൽ വനനശീകരണത്തെത്തുടർന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഭക്ഷണം കിട്ടാതെ വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസ് സാന്ദ്രത കൂടി. അങ്ങനെ അവയുടെ  കാഷ്ഠം, മൂത്രം, ശുക്ലം, ഉമിനീര് എന്നീ സ്രവങ്ങളിലൂടെ വൈറസ് വൻതോതിൽ പുറത്തേക്ക് വ്യാപിക്കാനും തുടങ്ങി. കൂടാതെ വവ്വാലുകളുടെ പ്രജനനകാലത്ത് നിപ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെന്ന് 2018-ന് ശേഷം കേരളത്തിൽ നടത്തിയ പഠനവും പറയുന്നുണ്ട്.

വവ്വാലുകൾ പകുതി കഴിച്ചശേഷം ഉപേക്ഷിക്കുന്ന പഴങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിലെ കലങ്ങളിൽ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും മനുഷ്യരിലേക്ക് രോഗം പടരുന്നത്. നിപ ഒരു പാൻഡെമിക് അല്ല, മറിച്ച് എപിഡെമിക് ആണ്. അതുകൊണ്ടുതന്നെ വേഗത്തിൽ ഇതിനെ നിയന്ത്രവിധേയമാക്കാൻ സാധിക്കും. മാത്രമല്ല, ഒന്നും ചെയ്തില്ലെങ്കിലും തനിയെ കെട്ടടങ്ങുന്ന ഒരു പകർച്ച വ്യാധികൂടിയാണ് ഇത്.

പിന്നെ എന്താണ് പ്രശ്നം?

നിപയ്ക്ക് മരണനിരക്ക് വളരെ കൂടുതലാണ് എന്നതാണ് പ്രശ്നം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും വേഗത്തിൽ ബാധിക്കുന്നതാണ് ഇതിനെ ഇത്ര അപകടകാരിയാക്കുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുകായും മരണകരണമാകുകയും ചെയ്തേക്കാം.  ഒമ്പത് മുതൽ 75% വരെയാണ് ഇതിന്റെ മരണനിരക്കായി കണക്കാക്കപ്പെടുന്നത്. 1998-നു ശേഷം വിവിധ രാജ്യങ്ങളിലായി 477 പേരെയാണ് നിപ വൈറസ് ബാധിച്ചത്.  ഇതിൽ 252  പേർ മരണപ്പെട്ടു.

എന്നാൽ  മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്‌ പടരാൻ പരിണാമപരമായി കാര്യമായ കഴിവില്ലാത്ത വൈറസാണ് നിപ എന്നതും നാം തിരിച്ചറിയണം. വവ്വാലിൽനിന്ന് രോഗബാധിതനായ ഒരാളുമായി വളരെ അടുത്ത് ഇടപഴകുന്ന ആൾക്ക് നിപ ബാധിക്കാം. എന്നാൽ രണ്ടാമത്തെ ആളിൽനിന്ന് മൂന്നാമതൊരാളിലേക്ക് നിപ പകരുന്നത് അപൂർവമായിട്ടാണ്. മൂന്നാമത്തെ ആളിൽനിന്ന് നാലാമത്തെ ആളിലേക്ക് രോഗം പകരം തീരെ സാധ്യത ഇല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

2018 ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തെ നിപ കേസിൽ മരിച്ച പതിനേഴ് പേർക്കും രോഗമുണ്ടായത് ആദ്യമായി രോഗം ബാധിച്ചയാളിൽ നിന്നായിരുന്നു. കൂടാതെ നിപയുടെ കാര്യമായ വ്യാപനം ഉണ്ടാകുന്നതും രോഗം ഗുരുതരമായശേഷമാണ്. അഥവാ രോഗി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം. അതുകൊണ്ടുതന്നെ നിപയെ സംബന്ധിച്ച് ഹൈറിസ്‌ക് വിഭാഗത്തിൽ പെടുന്നത് രോഗിയുടെ അടുത്ത ബന്ധുക്കളും ആശുപത്രിയിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരും ആശുപത്രി ജീവനക്കാരുമാണ്.

എന്തുകൊണ്ട് കേരളവും കോഴിക്കോടും?

2018 ലാണ് ദക്ഷിണേന്ത്യയിൽ നിപ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേ, കേരളം തന്നെയായിരുന്നു ആ സംസ്ഥാനം. നമ്മുടെ കാലാവസ്ഥയും ഭൂമിശാസ്ത്രഘടകങ്ങളുമാണ് നിപ വൈറസ് ഇവിടെ പടരാൻ കാരണമെന്ന് ചുരുക്കി പറയാം. പ്രത്യേകിച്ച് പശ്ചിമഘട്ടത്തിനു താഴെ സ്ഥിതി ചെയ്യുന്ന കോഴിക്കോട്  നിപയുടെ കാര്യത്തിൽ ഒരു എക്കോളജിക്കൽ ഹോട് പോയിന്റ് ആണ്. കോഴിക്കോടിന്റെ പല ഭാഗങ്ങളും ഇത്തരം പഴംതീനി വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. ഇതുതന്നെയാകാം നിപയുടെ സ്ഥിരം ഇരയായി കോഴിക്കോട് മാറാനുള്ള കാരണവും.

നിപ രോഗാണു ശരീരത്തിൽ കടന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ നാലുമുതൽ എട്ടുദിവസം വരെയെടുക്കാം. പനി, തലവേദന, പേശി വേദന, ചുമ, ശ്വാസം മുട്ടൽ, ബോധക്ഷയം,  വയറുവേദന എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ. നേരത്തെ നിരീക്ഷിക്കുകയും കണ്ടെത്തുകയും ചികിൽസിക്കുകയും ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here