ലോകത്ത് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്താൻ ഓരോ ദിവസം കഴിയുംതോറും പുതുപുത്തൻ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. എന്നാൽ, ഇത്തവണ ഉപഭോക്താക്കൾക്ക് നിരാശ നൽകുന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് വാട്സ്ആപ്പ്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (ഒഎസ്) പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ സേവനം നിർത്തലാക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഇതോടെ, ഒക്ടോബർ 24 മുതൽ പഴയ ഒഎസ് ഉള്ള ഹാൻഡ്സെറ്റുകളിൽ വാട്സ്ആപ്പ് ലഭിക്കുകയില്ല.
പഴയ ഹാൻഡ്സെറ്റുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റം ചെക്ക് ചെയ്യുന്നത് ഗുണം ചെയ്യും. നിലവിൽ, 4.1-നും അതിനുശേഷം ഉള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് ലഭ്യമാണ്. എന്നാൽ, ഒക്ടോബർ 24-ന് ശേഷം ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വാട്സ്ആപ്പ് പ്രവർത്തിക്കുകയില്ല. ആൻഡ്രോയിഡ് 5.0 വേർഷന് മുകളിലുള്ള ഹാൻഡ്സെറ്റുകളിൽ മാത്രമാണ് വാട്സ്ആപ്പ് ലഭിക്കുകയുള്ളൂ. അതിനാൽ, പഴയ വേർഷൻ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നിങ്ങളുടെതെങ്കിൽ, അവ ഉടൻ തന്നെ ആൻഡ്രോയിഡ് 5.0-ലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.