ഇനി മറ്റു സോഷ്യല്‍മീഡിയ ആപ്പില്‍ നിന്നും വാട്‌സ്ആപ്പിലേക്ക് സന്ദേശം അയക്കാം; കിടിലൻ ഫീച്ചര്‍ വരുന്നു

0
114

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി പുതിയ തേര്‍ഡ് പാര്‍ട്ടി ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പിന് പകരം ആശയവിനിമത്തിന് മറ്റ് ആപ്പുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും മെസേജ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനം ഒരുക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. യൂറോപ്യന്‍ യൂണിയന്റെ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നത്.

ഉദാഹരണമായി ഒരാള്‍ക്ക് വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലെന്ന് കരുതുക. മറ്റൊരു സാമൂഹിക മാധ്യമമായ സിഗ്നല്‍ ആപ്പാണ് ഉപയോഗിക്കുന്നതെങ്കിലും വാട്‌സ്ആപ്പ് ഉപയോക്താവിന് സന്ദേശം നല്‍കാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. മാര്‍ച്ച് 2024ഓടേ ഒരു ആപ്പില്‍ നിന്ന് മറ്റൊരു തേര്‍ഡ് പാര്‍ട്ടി ആപ്പിലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന വിധത്തില്‍ സപ്പോര്‍ട്ട് സംവിധാനം ഒരുക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ സംവിധാനം ഒരുക്കുന്നതില്‍ മെറ്റയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന യൂറോപ്യന്‍ കമ്മീഷന്റെ അംഗീകാരത്തിന് പിന്നാലെയാണ് പുതിയ സംവിധാനത്തെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിച്ച് തുടങ്ങിയത്.

ഈ ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ച് വരികയാണ്. എന്ന് അവതരിപ്പിക്കുമെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ പുതിയ സേവനം നല്‍കുന്നതിന് ചട്ടങ്ങള്‍ പാലിക്കാന്‍ ആറുമാസത്തെ സമയം വാട്സ്ആപ്പിന് വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ യൂണിയന് പുറത്തും ഈ സേവനം വാട്‌സ്ആപ്പ് നല്‍കുമോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here