15 രൂപയിലേക്ക് പെട്രോള്‍ വില?; എന്താണ് ജി20യില്‍ ചര്‍ച്ചയായ ഫ്‌ളെക്‌സ് ഇന്ധനം?

0
175

കഴിഞ്ഞ ജൂലൈയിലാണ് പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. പെട്രോളിനൊപ്പം 60ശതമാനം എഥനോള്‍ ചേര്‍ത്തുണ്ടാക്കുന്ന ഇന്ധനം ഉത്പാദിപ്പിക്കുന്നത് വഴി ഇന്ധനവില ഗണ്യമായി കുറയുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആശയം. ഇപ്പോള്‍ ഈ ആശയത്തിലൂന്നിയുള്ള ഫ്‌ളെക്‌സ് ഇന്ധനത്തിന്റെ സാധ്യതകളെ കുറിച്ചാണ് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഡല്‍ഹിയില്‍ ഇത്തവണ ചേര്‍ന്ന ജി 20 ഉച്ചകോടിയിലാണ് ഫ്‌ളെക്‌സ്ബിള്‍ ഇന്ധനത്തെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായത്. രാജ്യങ്ങളെല്ലാം ഫ്‌ളെക്‌സ് ഫ്യുവലിലേക്ക് മാറണമെന്നാണ് ജി20യില്‍ നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചത്. ആഗോളതാപനം, സാമ്പത്തികലാഭം, തുടങ്ങിയവയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ ഫ്‌ളെക്‌സ് ഇന്ധനത്തിന് സാധിക്കും.

എന്താണ് ഫ്‌ളെക്‌സ് ഇന്ധനം?

പെട്രോള്‍, മെഥനോള്‍ അല്ലെങ്കില്‍ എഥനോള്‍ എന്നിവയുടെ സംയോജത്തില്‍ നിര്‍മിച്ച ബദല്‍ ഇന്ധനമാണ് ഫ്‌ളെക്‌സിബിള്‍ ഇന്ധനം. ഇതിന്റെ ചുരുക്കപ്പേരാണ് ഫഌക്‌സ് ഇന്ധനം. ഇത്തരം ഇന്ധനം ഉപയോഗിക്കുന്ന, ഒന്നിലധികം ഇന്ധനങ്ങളാല്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള വാഹനങ്ങളാണ് ഫ്‌ളെക്‌സ് ഇന്ധന വാഹനങ്ങള്‍. പെട്രോളിലും മെഥനോളിനും എഥനോളിലും ഇവ പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ പെട്രോള്‍, എഥനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനാണ് ഫ്‌ളെക്‌സ് ഇന്ധന വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയെ കൂടാതെ യുഎസും ബ്രസീലും ഫ്‌ളെക്‌സ് ഇന്ധന സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന രാജ്യങ്ങളാണ്. എന്‍ജിനിലും ഇന്ധന സംവിധാനത്തിലും വരുത്തിയ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഫ്‌ളെക്‌സ് ഇന്ധന വാഹനങ്ങള്‍ പെട്രോളില്‍ ഓടുന്ന മോഡലുകള്‍ക്ക് സമാനമാണ്.

ആഗോള താപനവും സമ്പദ്‌വ്യവസ്ഥയും

വാഹന ഉടമകളെ സംബന്ധിച്ച് പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതം സംയോജിപ്പിക്കുന്ന ഫ്‌ളെക്‌സ് ഇന്ധനം പരമ്പരാഗത പെട്രോളിനെക്കാള്‍ ചിലവ് കുറഞ്ഞതാണ്. അതായത് എഥനോള്‍ കലര്‍ന്ന പെട്രോളിന് വില കുറവാണ്. വാഹന ഉടമയ്ക്ക് ഗണ്യമായ ലാഭം ഇതിലൂടെ ഉണ്ടാകും. ഇന്ത്യയെ പോലുള്ള രാജ്യത്തെ സംബന്ധിച്ച് ഫ്‌ളെക്‌സ് ഇന്ധനം ഗുണകരമാകുന്നത് അതിന്റെ ഉത്പാദന ചെലവ് കൂടി കണക്കിലെടുക്കുമ്പോഴാണ്. ചോളം കരിമ്പ് തുടങ്ങിയവയിലൂടെയാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇതോടെ അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് ചെലവഴിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ സഹായകമാകും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും ഇത് കാര്യമായ മാറ്റമുണ്ടാക്കും. ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ പുറന്തള്ളപ്പെടുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.

മാത്രവുമല്ല എഥനോള്‍ കത്തിക്കുന്നത് സാധാരണ പെട്രോള്‍ കത്തിക്കുന്നത് പോലെ പരിസ്ഥിതിക്ക് മലിനീകരണമുണ്ടാക്കില്ല. അതായത് വാഹനങ്ങളില്‍ എഥനോള്‍ അടിസ്ഥാനമാക്കിയുള്ള ഫ്‌ളെക്‌സ് ഇന്ധനം ഉപയോഗിക്കുന്നത് മലിനീകരണം കുറയ്ക്കാന്‍ കാരണമാകും.

പണപ്പെരുപ്പത്തെ പിടിച്ചുകെട്ടും?

ഫ്‌ളെക്‌സ് ഫ്യുവല്‍ ഉത്പാദിപ്പിക്കുമ്പോള്‍ ലിറ്ററിന് 15 രൂപയ്ക്ക് വരെ വില്‍ക്കാന്‍ സാധിക്കും. ലിറ്ററിന് 105 രൂപ വിലയുള്ള പെട്രോള്‍ 15 രൂപയിലെത്തിയാല്‍ അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ ഗുണം ചെയ്യും. ഇങ്ങനെ ഇന്ധന വില കുറയുമ്പോള്‍ സ്വാഭാവികമായും അവശ്യ വസ്തുക്കളുടെ വിലയും കുറയും. ഇതോടെ രാജ്യത്തെ പണപ്പെരുപ്പവും കുറയും. നിലവില്‍ മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹോണ്ട, ടൊയോട്ട തുടങ്ങിയ വാഹന നിര്‍മാണ കമ്പനികള്‍ എഥനോള്‍ ഇന്ധനത്തിലേക്ക് മാറാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചതോടെ ഭാവിയില്‍ ഫ്‌ളെക്‌സ് ഇന്ധനഉപയോഗം വ്യാപിക്കും.

വലിയ ഗുണങ്ങള്‍ക്കൊപ്പം ചെറിയ ദോഷവും

സമ്പദ്വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ധാരാളം ഗുണങ്ങളുണ്ടെങ്കിലും ഇവയ്ക്ക് പുറമേ ഫഌക്‌സ് ഇന്ധനത്തിന് ചില ദോഷങ്ങള്‍ കൂടിയുണ്ട്. എന്‍ജിന് കേടുപാട് വരാനുള്ള സാധ്യതയും കുറഞ്ഞ ഇന്ധനക്ഷമതയും ഇതിലുള്‍പ്പെടുന്നു. ഫ്‌ളെക്‌സ് ഇന്ധനം പൂര്‍ണമായും പെട്രോള്‍ അല്ലാത്തതും എഥനോള്‍ മിശ്രിതവുമായതിനാല്‍ ചില മാലിന്യങ്ങളെ വഹിച്ചുകൊണ്ടാണ് ഇവയുടെ വരവ്. എഥനോള്‍ മാലിന്യത്തെ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. ഇതാണ് എന്‍ജിന്റെ ഭാഗത്ത് നാശനഷ്ടങ്ങള്‍ വരാന്‍ ഇടയാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here