അബുദാബി:യുഎഇയിൽ ഓണ്‍ലൈന്‍ തട്ടിപ്പുകൾ പെരുകുന്നതിന്നാൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ വരെ തട്ടിപ്പ് നടക്കുന്നതായാണ് കണ്ടെത്തല്‍. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരകളായിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘം യുഎഇയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായ സന്ദേശം ലഭിക്കുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കുന്നത്.
സെന്‍ട്രല്‍ ബാങ്കിന്റെ ലെറ്റര്‍ ഹെഡ് വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പിനുളള ശ്രമം. അടുത്തിടെ യുഎഇയിലെ ഒരു താമസക്കാരന് സെന്‍ട്രല്‍ ബാങ്കില്‍ നിന്നുളള ലീഗല്‍ നോട്ടീസ് എന്ന പേരില്‍ വാട്‌സാപ്പിലൂടെ ലഭിച്ച വ്യാജ കത്ത് പൊലീസ് പുറത്ത് വിട്ടു. ചില സുരക്ഷാ കാരണങ്ങളാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടതായും ശരിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കപ്പെടുമെന്നുമായിരുന്നു കത്തിലെ ഉളളടക്കം.
24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടണമെന്ന് കാണിച്ച് ഒരു ഫോണ്‍ നമ്പറും ഇതില്‍ നല്‍കിയിരുന്നു. ഇരകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്വന്തമാക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തമാസക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വന്‍ തുക തട്ടിയെടുത്ത സംഘത്തെ അടുത്തിടെ റാസല്‍ ഖൈമ പൊലീസ് പിടികൂടിയിരുന്നു. തട്ടിപ്പ് സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി എസ്എംഎസ്, വാട്ട്സ്ആപ്പ്, ഇ-മെയില്‍, ഫോണ്‍ കോളുകള്‍ എന്നിവ വഴി വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.