കൈയും കാലും പിടിച്ച് വച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്‍റെ വീഡിയോ വൈറല്‍ !

0
278

അധ്യാപകര്‍ കുട്ടികളോട് ചെയ്യുന്ന ക്രൂരതകള്‍ ഇന്ന് പലപ്പോഴും പുറം ലോകമറിയുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിലൂടെയാണ്. യുപിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ മറ്റ് കുട്ടികളെ കൊണ്ട് തല്ലിക്കുന്ന അധ്യാപികയുടെ വീഡിയോ പുറത്ത് വന്നതിന് പുറകെ വലിയ പ്രതിഷേധമാണ് ഇന്ത്യയിലെമ്പാടും ഉയര്‍ന്നത്. കഴിഞ്ഞ ദിവസം മറ്റൊരു സ്കൂള്‍ വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ഇത്തവണ പഞ്ചാബില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതായിരുന്നു വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥിയുടെ കൈയും കാലും പിടിച്ച് വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ ഒരു കാല്‍ മാത്രമാണ് നിലത്ത് കുത്തിയിരുന്നത്. മറ്റൊരു കാലും കൈകളും രണ്ട് പേര്‍ ചേര്‍ന്ന് പിടിച്ച് വച്ചതും വീഡിയോയില്‍ കാണാം. ക്രൂര മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ തലയ്ക്ക് അടിക്കുകയും ചെവിക്ക് പിടിച്ച് മുറിയിലേക്ക് കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം.

പഞ്ചാബിലെ ലുധിയാനയിലെ മുസ്ലീം കോളനിയിലുള്ള ബാല വികാസ് സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. അധ്യാപകന്‍ കുട്ടിയെ രണ്ട് ദിവസത്തോളം തുടർച്ചയായി പീഡിപ്പിച്ചുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ ലുധിയാന പോലീസ് അധ്യാപകനെതിരെ കേസെടുത്തു. ഷെർപൂർ കലാൻ സ്വദേശിയായ ശ്രീ ഭഗവാനെ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെപ്തംബര്‍ 19 -ന് കുട്ടിയുടെ അമ്മ, മകന് നടക്കാൻ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് കുട്ടി, വീട്ടില്‍ സംഭവിച്ച കാര്യം പറയുന്നത്. ഇക്കാര്യം വീട്ടില്‍ പറഞ്ഞാല്‍ തന്നെ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്തത്. “എന്താണ് യഥാർത്ഥത്തിൽ! അധ്യാപകന് പോലീസിൽ നിന്ന് അതേ പരിഗണന ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here