വന്ദേഭാരത് ആരുടെയും കുടുംബസ്വത്തല്ല, കേരളത്തിന് അര്‍ഹതപ്പെട്ടത്; വി മുരളീധരനെ വേദിയിലിരുത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

0
166

കാസര്‍ഗോഡ്: വേന്ദാഭാരത് ട്രെയ്ന്‍ ആരുടെയും കുടുംബസ്വത്തല്ലെന്നും കേരളത്തിന് അവകാശപ്പെട്ടതാണെന്നും കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേന്ദ്രമന്ത്രി വി. മുരളീധരനെ വേദിയിരുത്തിയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനം.

നേരത്തെ കെ.സുരേന്ദ്രനുള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ വന്ദേഭാരതില്‍ കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ അവകാശവാദമുന്നയിച്ചതിനെ പരിഹസിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനം.

വന്ദേഭാരത് ആരുടെയെങ്കിലും മാത്രം കുടുംബ സ്വത്തല്ല, അങ്ങനെ അഹങ്കരിക്കരുത്. നമ്മുടെ രാജ്യം ഭരിക്കുന്ന ആളുകള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മള്‍ അംഗീകരിക്കും. അതിനെ പ്രശംസിക്കും. പ്രതിപക്ഷ എം.പിമാര്‍ക്ക് അവര്‍ക്ക് അര്‍ഹമായ പരിഗണന പലകാര്യത്തിലും ഗവണ്‍മെന്റ് തരുന്നുണ്ട്. അത് പരസ്യമായി പറയുന്ന ഒരു പാര്‍ലമെന്റ് അംഗമാണ് ഞാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് പുതിയ വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്ര കാസര്‍ഗോഡ് നിന്ന് ആരംഭിച്ചത്. കേരളത്തില്‍ നിന്നുള്ള വിവിധ എം.പിമാര്‍ ട്രെയിന്‍ അനുവദിച്ചതിലും സ്റ്റോപ്പ് അനുവദിച്ചതിലും അവരവരുടെ ഇടപടെലുകള്‍ പറഞ്ഞ് കൊണ്ട് പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനെ പരിഹസിച്ച് കൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്ര മന്ത്രി വി. മുരളീധരനും രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here