രണ്ട് മാസം നീണ്ട ശസ്ത്രക്രിയ, പന്നിയുടെ വൃക്ക മനുഷ്യനില്‍ തുന്നിച്ചേര്‍ത്തു; പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

0
150

വാഷിങ്ടണ്‍: മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചു. അമേരിക്കയിലെ ഡോക്ടര്‍മാരാണ് 61 ദിവസം നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്.  മസ്തിഷ്ക മരണം സംഭവിച്ച രോഗിക്കാണ് വൃക്ക മാറ്റിവെച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഗവേഷകര്‍ പറഞ്ഞു.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ വെച്ചുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള (ക്രോസ് സ്പീഷീസ് ട്രാൻസ്പ്ലാൻറുകൾ) ഗവേഷണങ്ങളുടെ ഭാഗമായിരുന്നു ശസ്ത്രക്രിയ. അമേരിക്കയില്‍ മാത്രം 1,03,000 ത്തിലധികം ആളുകൾ അവയവമാറ്റത്തിനായി കാത്തിരിക്കുന്നു, അവരിൽ 88,000 പേർക്ക് വേണ്ടത് വൃക്കയാണ്.

“കഴിഞ്ഞ രണ്ട് മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും ഞങ്ങൾ വളരെയധികം കാര്യങ്ങൾ പഠിച്ചു. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ട്”- ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാങ്കോൺ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു.

വിർജീനിയ ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ റിവിവികോർ ആണ് പരീക്ഷണത്തിനുള്ള പന്നിയെ നല്‍കിയത്. നിലവില്‍ സെനോ ട്രാന്‍സ്പ്ലാന്‍റേഷന്‍ പരീക്ഷണങ്ങള്‍ക്ക് പ്രധാനമായും പന്നിയുടെ അവയവങ്ങളാണ് ഉപയോഗിക്കുന്നത്. അവയവത്തിന്റെ വലിപ്പം, വളര്‍ച്ച തുടങ്ങിയ കാരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മറ്റ് മൃഗങ്ങളേക്കാള്‍ പന്നിയാണ് അനുയോജ്യമെന്ന് ഗവേഷകര്‍ പറയുന്നു.

റോബർട്ട് മോണ്ട്ഗോമറി ഇത് അഞ്ചാമത്തെ തവണയാണ് മൃഗത്തിന്‍റെ അവയവം മനുഷ്യനില്‍ (സെനോട്രാൻസ്പ്ലാന്‍റ്) മാറ്റിവെച്ചത്. ലോകത്തില്‍ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവയ്ക്കൽ നടത്തിയത്  2021 സെപ്റ്റംബറിലാണ്. പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനിലേക്ക് മാറ്റിവെച്ചതാകട്ടെ 2022 ജനുവരിയിലും. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ സർജന്മാരാണ് ശസ്ത്രക്രിയ നടത്തിയത്. പക്ഷെ രോഗി രണ്ട് മാസത്തിനു ശേഷം മരിച്ചു. അതിനുമുന്‍പ് 1984ല്‍ ബബൂണിന്‍റെ ഹൃദയം നവജാതശിശുവിലേക്ക് മാറ്റിവെച്ചിരുന്നു. പക്ഷെ കുഞ്ഞ് 20 ദിവസം മാത്രമേ ജീവിച്ചുള്ളൂ.

ലോകമാകമാനം നിരവധി രോഗികള്‍ അവയവമാറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ അവയവങ്ങള്‍ കിട്ടാനില്ല. ഈ സാഹചര്യത്തില്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനിലേക്ക് മാറ്റിവെയ്ക്കുന്ന പരീക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here