മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികക്ക് എട്ടിന്റെ പണി; കടുത്തവകുപ്പ് ചുമത്തി യുപി പൊലീസ്

0
279

ആഗ്ര: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ കർശനമായ സെക്ഷൻ 75 ചുമത്തി. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ മാസം മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്.

മുസ്ലിം വിഭാ​ഗത്തിൽ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മർദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധമുയർന്നു. തുടർന്നാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 504, 323 എന്നിവ പ്രകാരമായിരുന്നു ആദ്യം കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 ഉൾപ്പെ‌ടുത്തി.

ജെജെ ആക്ടിലെ സെക്ഷൻ 75 പ്രകാരം കുറ്റാരോപിതനായ ഒരാൾക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ദിനേശ് ശർമ്മ പറഞ്ഞു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പ് ചേർക്കാൻ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഖതൗലി രവിശങ്കർ മിശ്ര പറഞ്ഞു. വീഡിയോയിൽ ത്യാഗി ആൺകുട്ടിയെ ശാരീരികമായി ആക്രമിക്കാൻ മറ്റ് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതായി വ്യക്തമായെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു

അതേസമയം, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് വസ്തുതാ പരിശോധന വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മൊഹമ്മദ് സുബൈറിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 74 പ്രകാരം പ്രത്യേക എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആൺകുട്ടിയെ കാണാവുന്ന ഒരു വീഡിയോ സുബൈർ ആദ്യം പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തതായി അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here