ക്ഷണിക്കാതെ വിവാഹസദ്യയുണ്ണാൻ ഫ്രീക്കൻമാരെത്തി; ഓഡിറ്റോറിയത്തിൽ കൂട്ടത്തല്ല്

0
319

കോട്ടയം: ക്ഷണിക്കാത്ത വിവാഹ സത്ക്കാരത്തിന് ഒരുകൂട്ടം ചെറുപ്പക്കാർ ഭക്ഷണം കഴിക്കാനെത്തിയതോടെ ഓഡിറ്റോറിയത്തിൽ കൂട്ടത്തല്ല്. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വിവാഹസത്ക്കാരത്തിനിടെ കൂട്ടത്തല്ല് ഉണ്ടായത്. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.

ക്ഷണിക്കാതെ വിവാഹ സദ്യ കഴിക്കാനെത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളും തമ്മിലാണ് അടിപിടിയുണ്ടായത്. സംഘർഷത്തിൽ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. നിരവധിപ്പേർക്ക് നിസാര പരിക്കുകളേറ്റു. ഒടുവിൽ പൊലീസ് എത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്.

പള്ളിയിൽ നടന്ന വിവാഹ കൂദാശകൾക്കുശേഷം വധുവരൻമാർ ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴാണ് തല്ല് ഉണ്ടായത്. ഈ സമയം ഭക്ഷണം വിളമ്പാൻ തുടങ്ങുകയായിരുന്നു. വിവാഹത്തിന് ക്ഷണിക്കാത്ത ഫ്രീക്കൻമാരായ ചെറുപ്പക്കാർ ഓഡിറ്റോറിയത്തിൽ എത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.

ഓഡിറ്റോറിയത്തിൽ എത്തിയ ചെറുപ്പക്കാരെ വരന്‍റെ ബന്ധുക്കൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ തങ്ങൾ വധുവിന്‍റെ ആൾക്കാരാണെന്ന് ഇവർ മറുപടി നൽകി. ഇതോടെ വധുവിന്‍റെ ഉറ്റബന്ധുക്കളെ വിളിപ്പിച്ച് ചോദിച്ചപ്പോൾ അവരെ അറിയില്ലെന്നായിരുന്നു മറുപടി. ഇതോടെ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

വിവാഹഭക്ഷണം കഴിക്കാനെത്തിയ ചെറുപ്പക്കാരുടെ ആക്രമണത്തിൽ വരന്‍റെ അടുത്ത ബന്ധുവിന്‍റെ മൂക്കിന്‍റെ പാലം തകർന്നു. മറ്റൊരു ബന്ധുവിന്‍റെ നെറ്റിയിലും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം ഓഡിറ്റോറിയത്തിന്‍റെ വാതിൽ പൂട്ടുകയും ഹാളിനുള്ളിൽ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. ഇതിനുശേഷം വഴിയിൽവെച്ചും ഇവർ ഏറ്റുമുട്ടി.

വിവാഹത്തിന് എത്തിയ വധുവരൻമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും പിന്നീട് പൊലീസ് സംരക്ഷണയിലാണ് മടങ്ങിയത്. ഓഡിറ്റോറിയത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാനെത്തിയ യുവാക്കളാണ് വിവാഹ സൽക്കാരത്തിൽ എത്തി ഭക്ഷണം കഴിക്കാൻ ശ്രമിച്ചത്. ഇവർ കഴിഞ്ഞ കുറേ കാലമായി ഈ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ സത്കാരത്തിന് എത്തി ഭക്ഷണം കഴിച്ച് മടങ്ങാറുണ്ട്. പലപ്പോഴും ക്ഷണിക്കപ്പെട്ട് എത്തുന്ന അതിഥികൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here