നിപ വൈറസിന്റെ വഴികൾ അവ്യക്തം; ആദ്യം മരിച്ചയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

0
114

കോഴിക്കോട് ജില്ലയിൽ പനിമൂലം മരിച്ച രണ്ടുപേർ നിപ വൈറസ്‌ ബാധിതരായിരുന്നുവെന്ന് സ്ഥിരീകരിച്ചെങ്കിലും ഉറവിടം കണ്ടെത്താനാകാത്തതില്‍ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. നിപയുടെ വ്യാപനം തടയാൻ എല്ലാ പഴുതുകളുമടച്ച് സർക്കാർ ക്രമീകരണങ്ങൾ നടത്തുന്നുണ്ടെങ്കിലും വൈറസ്‌ എങ്ങനെ ബാധിച്ചുവെന്നത് അവ്യക്തമായി തുടരുകയാണ്. ഉറവിടം കണ്ടെത്തുകയെന്നത് പ്രതിരോധ നടപടികൾക്ക് കൂടുതൽ സഹായകരമാകുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

നിപ വൈറസ്‌ മൂലം മരിച്ച കോഴിക്കോട് സ്വദേശികള്‍ പനിബാധിക്കുന്നതിന് കുറച്ച് നാളുകൾ മുൻപാണ് പുറംരാജ്യങ്ങളിൽ നിന്നെത്തിയത്. ഇവർക്ക് വൈറസ്‌ ബാധിച്ചത് സംസ്ഥാനത്തിന് പുറത്തുനിന്നാണോ അതോ നാട്ടിലെത്തിയ ശേഷമാണോ എന്നത് ഇതുവരെയും സ്ഥിരീകരിക്കാൻ ആയിട്ടില്ല.

മുൻപ് കേരളത്തിൽ മൂന്ന് തവണ റിപ്പോർട്ട് ചെയ്ത കേസുകളിലും ആദ്യ രോഗിക്ക് വൈറസ്‌ എങ്ങനെ ബാധിച്ചുവെന്നതിനെ കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.

ഓഗസ്റ്റ് മുപ്പതിനാണ് കൂറ്റ്യാടി മരുതോങ്കര കല്ലട എടവലത്ത് മുഹമ്മദലി മരിക്കുന്നത്. സെപ്റ്റംബർ 11ന് ആയഞ്ചേരി മംഗലാട് സ്വദേശി ഹാരിസും മരിച്ചു. മുഹമ്മദലി കരൾരോഗ ബാധിതനായിരുന്നതിനാൽ മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളിലും സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് സംശയമേറിയത്. മുഹമ്മദലിയെ മരിച്ച ഉടൻ തന്നെ സംസ്കരിച്ചതിനാൽ അദ്ദേഹത്തിന്റെ സ്രവപരിശോധന നടത്തിയിരുന്നില്ല. അതേസമയം ഹാരിസിന്റെ സ്രവപരിശോധന നടത്തിയിരുന്നു. ആദ്യ നിപ ബാധിച്ച ആളെന്ന നിലയിൽ മുഹമ്മദലിയുടെ സ്രവപരിശോധന നടത്താൻ കഴിയാതെ പോയത് വൈറസിന്റെ ഉറവിട അന്വേഷണത്തിന് തിരിച്ചടിയാണ്.

മുഹമ്മദലിയുടെ ഒൻപതുവയസുള്ള മകനും അദ്ദേഹത്തിന്റെ ഭാര്യ സഹോദരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹാരിസ് അതെ ആശുപത്രിയിലെത്തുകയും അവിടെവച്ചാകാം വൈറസ് ബാധ ഏറ്റിരിക്കാം എന്നുമാണ് കരുതുന്നത്. നിലവിൽ മരിച്ച രണ്ടുപേരുമായി ഇടപഴകിയ 168 പേരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവപരിശോധന ഫലം പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here