കൊടുങ്കാറ്റിൽ രക്ഷതേടി ആട്ടിൻ പറ്റത്തെ കയറ്റിയത് കഞ്ചാവ് ഫാമിൽ, ഫിറ്റായി ആടുകൾ, തിന്നത് 100 കിലോ കഞ്ചാവ്

0
309

ആതന്‍സ്: കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയതിന് പിന്നാലെ അപ്രതീക്ഷിത സ്വഭാവവുമായി ആട്ടിന്‍ പറ്റം. ഗ്രീസിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍. സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയത്. മധ്യ ഗ്രീസിലെ അല്‍മിറോസ് എന്ന നഗരത്തിലാണ് സംഭവം. മരുന്നിനായി കഞ്ചാവ് വളര്‍ത്തിയിരുന്ന ഗ്രീന്‍ ഹൌസിലായിരുന്നു ഇടയന്‍ ആട്ടിന്‍പറ്റത്തെ കെട്ടിയത്.

വിശന്നുവലഞ്ഞ ആടുകള്‍ കഞ്ചാവ് ചെടികള്‍ അകത്താക്കുകയായിരുന്നു. സാധാരണ നിലയിലായിരുന്ന ആടുകള്‍ ചാടി മറിയാനും പതിവ് രീതികളില്‍ നിന്ന് മാറി പെരുമാറാനും തുടങ്ങിയതോടെ ഭയന്നുപോയ ഇടയന്‍ ഫാമിന്റെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. സാധാരണ ചാടി നടക്കുന്നതിനേക്കാള്‍ ഉയരത്തിലേക്ക് ചാടി മറിയുന്ന നിലയിലായിരുന്നു ആട്ടിന്‍ പറ്റമുണ്ടായിരുന്നതെന്നാണ് ഫാമിന്റെ ഉടമ യാനിസ് ബറുനോയിസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. നൂറ് കിലോയോളം കഞ്ചാവും ഇലകളുമാണ് ആട്ടിന്‍ പറ്റം തിന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കുന്നത്. മരുന്ന് ആവശ്യത്തിനായി കഞ്ചാവ് വളര്‍ത്തുന്നത് നിയമ വിധേയമാക്കിയ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഗ്രീസ്.

2018ലാണ് ഗ്രീസ് ഇതിനായുള്ള ലൈസന്‍സ് വിതരണം ചെയ്തത്. 2017ല്‍ കഞ്ചാവ് അടങ്ങിയിട്ടുള്ള ചില മരുന്നിനങ്ങളുടെ കയറ്റുമതിയും ഗ്രീസ് നിയമ വിധേയമാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ ഉത്തര്‍ പ്രദേശിലെ മധുരയില്‍ 500 കിലോ കഞ്ചാവ് എലികള്‍ തിന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പൊലീസ് വെയര്‍ ഹൌസില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് എലികള്‍ നശിപ്പിച്ചതെന്നാണ് പൊലീസ് മധുര കോടതിയെ അറിയിച്ചത്. 2020ല്‍ ഒരു ട്രെക്കില്‍ നിന്ന് പിടികൂടിയതായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here