ദേശീയപാത നിർമാണത്തിനുള്ള വാഹനങ്ങളിൽനിന്ന് ഇന്ധനം മോഷ്ടിക്കുന്നു, ഇതുവരെ കവർന്നത് 1750 ലിറ്റർ ഡീസൽ

0
137

പൊന്നാനി: ദേശീയപാത നിര്‍മാണ സ്ഥലങ്ങളിലെ വാഹനങ്ങളില്‍നിന്ന് ഇന്ധനം മോഷണംപോകുന്നത് തുടര്‍ക്കഥയാകുന്നു. ഇതുവരെ 1,750 ലിറ്റര്‍ ഡീസലാണ് മോഷണം പോയത്. ജില്ലയില്‍ ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന രാമനാട്ടുകര മുതല്‍ കാപ്പിരിക്കാട് വരെയുള്ള മേഖലകളില്‍ ഇന്ധനമോഷണം നടക്കുന്നുണ്ട്.

പൊന്നാനി മേഖലയില്‍നിന്നാണ് ഏറെയും മോഷണംപോകുന്നത്. പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള വാഹനത്തിലാണ് ഡീസല്‍ ചോര്‍ത്തിക്കൊണ്ടുപോകുന്നതെന്ന് വ്യക്തമായിരുന്നു.

പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക്‌ചെയ്യുന്ന ടോറസ് ലോറികള്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ തുടങ്ങിയവയില്‍നിന്നാണ് ഡീസല്‍ മോഷ്ടിക്കുന്നത്. ജനറേറ്റര്‍ ബാറ്ററിയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും മോഷ്ടാക്കളെ പിടികൂടാനായിരുന്നില്ല. മോഷ്ടാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നിര്‍മാണക്കമ്പനി ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇന്ധനമോഷണത്തിന് തടയിടാനായിട്ടില്ല.

പൊന്നാനി, കുറ്റിപ്പുറം ഉള്‍പ്പെടെയുള്ള വിവിധ പോലീസ്സ്റ്റേഷനുകളില്‍ നിര്‍മാണക്കമ്പനി പരാതി നല്‍കിയിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് നിര്‍മാണ കമ്പനി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here