ന്യൂഡൽഹി ∙ രാജ്യത്തെ 8 ദേശീയ പാർട്ടികൾ 2021-22 സാമ്പത്തിക വർഷം വെളിപ്പെടുത്തിയ ആകെ ആസ്തി 8,829.16 കോടി രൂപ. തൊട്ടുമുൻപത്തെ വർഷം ഇത് 7,297.62 കോടി രൂപയായിരുന്നു. ഏറ്റവും കൂടുതൽ ആസ്തി ബിജെപിക്കാണ് (6,046.81 കോടി).
ഏറ്റവും കുറവ് ആസ്തി നാഷനൽ പീപ്പിൾസ് പാർട്ടിക്കാണ്– 1.82 കോടി രൂപ. അതുകഴിഞ്ഞാൽ സിപിഐ (15.67 കോടി). ബിഎസ്പി ഒഴികെ എല്ലാ പാർട്ടികൾക്കും മുൻവർഷത്തെക്കാൾ ആസ്തി കൂടി.
ആസ്തികളുടെ മൂല്യം കണക്കാക്കുമ്പോഴും 6,041.64 കോടി രൂപയുമായി ബിജെപി മുന്നിൽ നിൽക്കുന്നു. കോൺഗ്രസിന് 763.73 കോടി, സിപിഎമ്മിന് 723.56 കോടി എന്നിങ്ങനെയാണു കണക്ക്.
തിരഞ്ഞെടുപ്പു പരിഷ്കരണ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട കണക്കനുസരിച്ച് 2021-22 ൽ കൂടുതൽ ബാധ്യതയുള്ളത് കോൺഗ്രസിനാണ്– 41.95 കോടി രൂപ. സിപിഎമ്മിന് 12.21 കോടിയും ബിജെപിക്ക് 5.17 കോടിയും ബാധ്യതയുണ്ട്.
5 പാർട്ടികളുടെ ബാധ്യത കുറഞ്ഞു. കോൺഗ്രസ് (29.63 കോടി), ബിജെപി (6.03 കോടി) സിപിഎം (3.89 കോടി), എഐടിസി (1.30 കോടി), എൻസിപി (ഒരു ലക്ഷം രൂപ) എന്നിങ്ങനെയാണു കുറഞ്ഞത്.
∙ പാർട്ടികളും ആസ്തിയും (ബ്രാക്കറ്റിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആസ്തിയും ശതമാനക്കണക്കിലുള്ള വ്യത്യാസവും)
ബിജെപി– 6,046.81 കോടി (4,990 കോടി, 21.17%)
കോൺഗ്രസ്– 805.68 കോടി (691.11 കോടി,16.58%)
ബിഎസ്പി– 690.71 കോടി (732.79, 5.74%)
തൃണമൂൽ കോൺഗ്രസ്– 458.10 കോടി (182.001,151.70%)