കുമ്പള: ഷിറിയ പുഴയ്ക്ക് കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് ഉടൻ യാഥാർഥ്യമാകും. മംഗൽപ്പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട്, കുമ്പള പഞ്ചായത്തിലെ ബംബ്രാണ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം. ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി നബാർഡിൽനിന്നാണ് തുക ലഭ്യമാക്കിയത്. 31 കോടി രൂപയ്ക്ക് ലേലനടപടി പൂർത്തിയായി. പ്രവൃത്തിയുടെ പ്രാരംഭ നടപടികൾ തുടങ്ങി.
ദേശീയപാത തലപ്പാടി-ചെങ്കള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് കരാർ. കാലഹരണപ്പെട്ട നിലവിലെ അണക്കെട്ടിന് മുകളിലായാണ് 118 മീറ്റർ ഉപ്പുവെള്ള പ്രതിരോധ അണക്കെട്ടും പാലവും പണിയുന്നത്.
കുമ്പള, മംഗൽപ്പാടി പഞ്ചായത്തുകളിലെ ആയിരം ഹെക്ടർ കൃഷിഭൂമി പരിപാലിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. പരിസരപ്രദേശങ്ങളുടെ ഭൂഗർഭജലനിരപ്പ് ഉയർത്താനും പ്രദേശത്തെ കുടിവെള്ളലഭ്യത ഉറപ്പുവരുത്താനും സഹായിക്കും. 11 മീറ്റർ വീതിയിലായിരിക്കും പാലത്തിന്റെ നിർമാണം. 7.5 മീറ്റർ വീതിയിൽ വാഹന ഗതാഗതത്തിനും ഇരുവശങ്ങളിലായി 1.75 മീറ്റർ വീതിയിൽ യാത്രക്കാർക്ക് നടപ്പാതയും ഉണ്ടാവും.
ഇരു പഞ്ചായത്തുകളിലെ ഇച്ചിലങ്കോട്, പച്ചമ്പള, അടുക്ക, കൽപാറ ബംബ്രാണ, ഊജാർ, ഉളുവാർ മേഖലകളിലെ നാട്ടുകാരുടെ കൃഷിക്കും കുടിവെള്ളത്തിനും പുഴയ്ക്ക് കുറുകെയുള്ള വാഹനഗതാഗതത്തിനുമായുള്ള ഏറെക്കാലത്തെ ആവശ്യമാണ് പൂവണിയുന്നത്.