ഒറ്റ ടിക്കറ്റ് മതി, ഇന്ത്യന്‍ നഗരങ്ങളടക്കം 15 പുതിയ റൂട്ടുകളിലേക്ക് സര്‍വീസ്; എയര്‍ലൈനുകള്‍ ധാരണയിലെത്തി

0
195

ദുബൈ: ദുബൈയില്‍ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈനും ശ്രീലങ്കന്‍ എയര്‍ലൈന്‍സും തമ്മില്‍ ധാരണ. ഈ പങ്കാളിത്തത്തിലൂടെ, കൊളംബോയും ദുബൈയും വഴി രണ്ട് എയര്‍ലൈനുകളുടെയും നെറ്റ് വര്‍ക്കിലെ പുതിയ സ്ഥലങ്ങളെ ബന്ധിപ്പിക്കാനാണ് ധാരണയിലെത്തിയത്. ഒറ്റ ടിക്കറ്റിലൂടെയാണ് ഇത് സാധ്യമാകുക.

ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന് സര്‍വീസ് വ്യാപിപ്പിക്കും. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ ഇന്ത്യയിലെ നഗരങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസ് സർവിസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാലിദ്വീപിലെ ഗാന്‍ ദ്വീപിനൊപ്പം മധുര, തിരുച്ചിറപ്പള്ളി തുടങ്ങിയ പുതിയ ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ, കൊളംബോ വഴി ശ്രീലങ്കൻ എയർലൈൻസ് നടത്തുന്ന 15 പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് യാത്രക്കാർക്ക് പ്രവേശനം ലഭിക്കുന്നതാണ് ഇന്‍റര്‍ലൈന്‍ കരാർ.

ഇതിന് പകരമായി, ശ്രീലങ്കൻ എയർലൈൻസ് യാത്രക്കാര്‍ക്ക് എമിറേറ്റ്‌സിന്റെ ആഗോള നെറ്റ്‌വർക്കിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, റഷ്യ, യുഎസ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന, ദുബായ്ക്ക് പുറമെ എമിറേറ്റ്സ് സര്‍വീസ് നടത്തുന്ന 15 നഗരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ദുബൈയില്‍ നിന്ന് പുറപ്പെടുന്ന എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ കൊളംബോയില്‍ ഇറങ്ങി ശേഷം അവിടെ നിന്ന് അതേ ടിക്കറ്റില്‍ തന്നെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പോകാനാകുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. കുറഞ്ഞ ടിക്കറ്റ് നിരക്കും കൂടുതല്‍ ബാഗേജ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. emirates.com, srilankan.com എന്നീ വെബ്‌സൈറ്റുകള്‍ വഴിയും ഏജന്‍സികള്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here