റോഡിലിറങ്ങുമ്പോൾ എന്തൊക്കെ രേഖകൾ വേണം വാഹനത്തിൽ? 15 ദിവസത്തെ സാവകാശം എന്തിനൊക്കെ? പൊലീസ് വിശദീകരിക്കുന്നു

0
263

തിരുവനന്തപുരം: റോഡില്‍ വെച്ച് പൊലീസ് വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുമ്പോള്‍ എന്തൊക്കെയാണ് കാണിക്കേണ്ടത്?എപ്പോഴും കരുതേണ്ട ഒറിജിനല്‍ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാന്‍ സാവകാശം ലഭിക്കുന്ന രേഖകളും എന്തൊക്കെയാണെന്നും വിവരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ പൊലീസ്. രേഖകള്‍ നേരിട്ട് ഹാജരാക്കുകയോ അല്ലെങ്കില്‍ ഡിജി ലോക്കര്‍ വഴിയോ എം പരിവാഹന്‍ ആപ്ലിക്കേഷന്‍ വഴിയോ മൊബൈല്‍ ഫോണിലൂടെ ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്യാം. സബ് ഇന്‍സ്‍പെക്ടറുടെ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനാണ് വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ അധികാരമുള്ളത്.

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്?

സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ടാക്സ് സര്‍ട്ടിഫിക്കറ്റ്
ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്)
ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
പെര്‍മിറ്റ് (3000kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും – സ്വകാര്യ വാഹനങ്ങള്‍ ഒഴികെ)
ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് )
വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ്
രണ്ടു രീതിയില്‍ ഈ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാം. മേല്‍വിവരിച്ച രേഖകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കുകയാണ് ആദ്യ മാര്‍ഗം. ഇതിനായി ഡിജിലോക്കര്‍ ആപ്പില്‍ നേരത്തെതന്നെ മേല്‍വിവരിച്ച രേഖകള്‍ ഡിജിറ്റല്‍ മാര്‍ഗത്തില്‍ സൂക്ഷിക്കേണ്ടതാണ്. പരിശോധനാ സമയത്ത് ഡിജിലോക്കര്‍ ആപ്പ് അഥവാ എം – പരിവാഹൻ ആപ്പ് ലോഗിന്‍ ചെയ്ത് രേഖകള്‍ കാണിച്ചാല്‍ മതിയാകും.

രണ്ടാമത്തെ മാര്‍ഗം എന്നത് ഒറിജിനല്‍ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കുകയെന്നതാണ്. ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ് എന്നിവയാണ് നിര്‍ബന്ധമായും ഹാജരാക്കേണ്ട ഒറിജിനല്‍ രേഖകള്‍. മറ്റു രേഖകളുടെ ഒറിജിനല്‍ 15 ദിവസത്തിനകം നേരിട്ട് ഹാജരാക്കിയാല്‍ മതിയാകും. ലേണേഴ്സ് പതിച്ച വാഹനമാണെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സ് വേണം. സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഒരാള്‍ വാഹനത്തില്‍ ഒപ്പം ഉണ്ടായിരിക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here