പെട്രോളിന് 333 രൂപ, ഡീസലിന് 330; റോക്കറ്റ് പോലെ ഇന്ധനവില കുതിക്കുന്നു, ഭീതിയില്‍ പാക്കിസ്ഥാൻ ജനത!

0
141

പാക്കിസ്ഥാനില്‍ പെട്രോൾ, ഡീസൽ വില തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വീണ്ടും വർധിച്ചതോടെ പാക്കിസ്ഥാനിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന് 333.38 പാക്കിസ്ഥാനി രൂപയും അതിവേഗ ഡീസലിന്റെ നിരക്ക് ലിറ്ററിന് 329.18 പാക്കിസ്ഥാനി രൂപയുമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാൻ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും ലിറ്ററിന് യഥാക്രമം പികെആർ 26.02, പികെആർ 17.34 എന്നിങ്ങനെ വർധിപ്പിച്ചതായിട്ടണ് റിപ്പോർട്ട്.

ഓഗസ്റ്റിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടുതവണ വർദ്ധിപ്പിച്ചു. രാജ്യത്ത് കഴിഞ്ഞ മാസം പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം ലിറ്ററിന് 32.41 രൂപയും 38.49 രൂപയും വർധിപ്പിച്ചിരുന്നു. ഇപ്പോൾ, ഒരു മാസത്തിനുള്ളിൽ, പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഒരു ലിറ്ററിന് പികെആര്‍ 58.43 ഉം പികെആര്‍ 55.83 ഉം ആണ് കൂട്ടിയത്. ഓഗസ്റ്റിൽ പണപ്പെരുപ്പ നിരക്ക് 27.4 ശതമാനം വർധിച്ചതാണ് ഇന്ധനവിലയിൽ വർധനവിന് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വൻ തകർച്ച നേരിടുന്ന സമയത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്ന പ്രവണതയെ തുടർന്നാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് പാകിസ്ഥാൻ ധനമന്ത്രാലയം പറയുന്നു. ഇത് ഭയാനകമായ സാമ്പത്തിക സ്ഥിതിയിൽ നട്ടംതിരിയുന്ന ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയ അസ്ഥിരതയ്‌ക്കൊപ്പം പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ പെട്രോൾ, ഡീസൽ വില വർദ്ധന വരുന്നത്. പാക്കിസ്ഥാനിലെ പണപ്പെരുപ്പം നിലവിൽ 21.3 ശതമാനം എന്ന റെക്കോർഡ് ഉയരത്തിലാണ്. കഴിഞ്ഞ വർഷം യുഎസ് ഡോളറിനെതിരെ പാക്കിസ്ഥാൻ രൂപയ്ക്ക് അതിന്റെ മൂല്യത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടു. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 10 ബില്യൺ ഡോളറിന്റെ നിർണായകമായ താഴ്ന്ന നിലയിലാണ്. ഇന്ധനവിലയിലെ വർധന പാക്കിസ്ഥാനിലെ ജനങ്ങളിൽ വിനാശകരമായ ആഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു.

അതേസമയം പാക്കിസ്ഥാനിലെ കാർ വിപണി അതിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിൽപ്പന വളരെ കുറച്ച് മാത്രമായി തുടരുന്നു. പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥ കലങ്ങി മറിഞ്ഞ അവസ്ഥയിലൂടെ നീങ്ങുന്നത് തുടരുന്നു. മാത്രമല്ല ഓട്ടോമോട്ടീവ് വ്യവസായം മൊത്തത്തിൽ കടുത്ത സമ്മർദ്ദം അനുഭവിക്കുന്നു. പല നിർമ്മാതാക്കളും ഉൽപ്പാദന സമയക്രമത്തിൽ താൽക്കാലിക വിരാമം പ്രഖ്യാപിച്ചു. 1000 സിസിയോ അതിൽ കുറവോ ശേഷിയുള്ള ചെറിയ എഞ്ചിനുകളുള്ള എൻട്രി ലെവൽ കാറുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യൻ രൂപയെ അപേക്ഷിച്ച് വളരെ കുറഞ്ഞ മൂല്യമാണ് പാക്കിസ്ഥാനി രൂപയ്ക്ക്. 0.27 പൈസ മാത്രമാണ് ഒരു പാക്കിസ്ഥാനി രൂപയുടെ നിലവിലെ മൂല്യം.

LEAVE A REPLY

Please enter your comment!
Please enter your name here