ആരുടെയോ ബൈക്കിന്റെ ‘പേരിൽ’ യുവാവിന് അഞ്ചുവട്ടം നോട്ടിസ്; പരാതി നൽകിയെങ്കിലും കാര്യമായ നടപടിയില്ല

0
127

പത്തനംതിട്ട ∙ തന്റെ വിലാസത്തിൽ മറ്റാരോ എടുത്ത ബൈക്കിന്റെ നിയമലംഘനക്കേസുകൾ ഒന്നിനു പിന്നാലെ എത്തിയതോടെ വെട്ടിലായി യുവാവ്. ബൈക്ക് ഉപയോഗിച്ചിരുന്നയാളെ യുവാവു തന്നെ പൊലീസിനു കണ്ടെത്തി നൽകിയെങ്കിലും വാഹനം കസ്റ്റഡിയിലെടുത്തതല്ലാതെ മറ്റൊരു നടപടിയുമില്ലെന്ന് ആക്ഷേപം. പത്തനംതിട്ട വലഞ്ചുഴി തരകൻപുരയിടത്തിൽ ആസിഫ് അബൂബക്കറിനാണ് കഴിഞ്ഞ ഓഗസ്റ്റ് 10 മുതൽ പല തവണയായി പെറ്റിക്കേസുകൾക്കു പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പു വന്നുകൊണ്ടിരുന്നത്.

2010 ജൂൺ മൂന്നിനാണ് മോട്ടർ വാഹനവകുപ്പിൽ ആസിഫിന്റെ വിലാസത്തിൽ മറ്റാരോ ബൈക്ക് റജിസ്റ്റർ ചെയ്തത്. നോട്ടിസ് കിട്ടിത്തുടങ്ങിയതോടെയാണ് സംഭവം അറിയുന്നത്. ആദ്യത്തെ നോട്ടിസ് മേൽവിലാസം തെറ്റി എത്തിയതാകുമെന്നു കരുതി അവഗണിച്ചെങ്കിലും തുടർച്ചയായി നാലെണ്ണം കൂടി എത്തിയതോടെ ആർടിഒ ഓഫിസിൽ പരാതി നൽകി. തന്റെ പേരിൽ ഇങ്ങനെ വാഹനം റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആനന്ദപ്പള്ളി, ഏഴംകുളം ഭാഗങ്ങളിലെ എഐ ക്യാമറകളിൽ പതിയുന്ന ബൈക്കിന്റെ യഥാർഥ ഉടമയെ കണ്ടെത്തണമെന്നുമാണ് പരാതിയിൽ ഉന്നയിച്ചത്.

പരാതി നൽകിയതിനൊപ്പം ആസിഫ് ആനന്ദപ്പള്ളി, ഏഴംകുളം ഭാഗങ്ങളിലെ തന്റെ സുഹൃത്തുക്കൾക്ക് വാഹനനമ്പർ അയച്ചു കൊടുത്ത് കൈവശം വച്ചിരിക്കുന്നത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. ഏഴംകുളം ഭാഗത്തുള്ള യുവാവാണ് വാഹനം ഓടിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് വിവരം പത്തനംതിട്ട മോട്ടർ വാഹന വകുപ്പ് ഓഫിസിൽ അറിയിച്ചു. അവിടെനിന്നു കിട്ടിയ നിർദേശമനുസരിച്ച് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാര്യമായ നീക്കം ഉണ്ടായില്ല.

തുടർന്ന് ജില്ലാ പൊലീസ് മേധാവി വി.അജിത്തിനു പരാതി നൽകി.തുടർന്ന് എസ്പിയുടെ നിർദേശാനുസരണം അടൂർ പൊലീസ് കഴിഞ്ഞ ദിവസം വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും ഉടമയെ പിടികൂടാൻ കഴിഞ്ഞില്ല. ബൈക്ക് കസ്റ്റഡിയിലെടുത്തതായും കേസ് എടുത്തിട്ടില്ലെന്നും അടൂർ പൊലീസ് അധികൃതർ പറഞ്ഞു. കുറച്ചു കാലം മുൻപ് മറ്റാരുടെയോ കയ്യിൽ നിന്ന് യുവാവ് വാഹനം വാങ്ങി എന്നാണു പറഞ്ഞതെന്നും സംഭവത്തിൽ അന്വേഷണം നടത്തി വരുന്നതായും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here