മൃതദേഹങ്ങൾ കാണാതായവരുടേത് തന്നെ; വൈദ്യുതിക്കെണി വച്ചെന്നും കുഴിച്ചിട്ടെന്നും സമ്മതിച്ച് സ്ഥലമുടമ

0
237

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയിൽ പാടശേഖരത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നീ യുവാക്കളാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു.

ഞായറാഴ്‌ച രാത്രി കരിങ്കരപ്പുള്ളിയ്‌ക്കടുത്ത് വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസിൽ സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ നാലുപേലും കരിങ്കരപ്പുള്ളിയിലുള്ള സതീഷിന്റെ ബന്ധുവീട്ടിലെത്തി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തിയെന്ന് ഭയന്ന് ഇന്നലെ പുലർച്ചെ യുവാക്കൾ ബന്ധുവീട്ടിൽ നിന്നിറങ്ങി രണ്ട് വഴികളിലായി ഓടി. ഇതിനിടെ രണ്ടുപേർ വൈദ്യുതി കെണിയിൽ അകപ്പെട്ട് മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ടതായി കണ്ടെത്തിയത്. പിറ്റേദിവസവും സുഹൃത്തുക്കളെ കാണാതായപ്പോൾ ഓടിയ യുവാക്കളിൽ രണ്ടുപേർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പൊലീസ് സംഘം പരിസരത്ത് നടത്തിയ തെരച്ചിലിലാണ് പാടത്ത് മണ്ണ് ഇളകിയ നിലയിൽ കണ്ടത്. പിന്നാലെ മണ്ണ് നീക്കിയപ്പോൾ മൃതദേഹങ്ങൾ കാണുകയായിരുന്നു. ഒന്നിന് മുകളിൽ ഒന്നായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.

അതേസമയം, പന്നിശല്യം രൂക്ഷമായതിനാൽ പാടത്ത് വൈദ്യുതിക്കെണി വച്ചിരുന്നതായി സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടിൽ അനന്തൻ (52) പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റപ്പോൾ പാടത്ത് മൃതദേഹങ്ങൾ കണ്ടുവെന്നും പരിഭ്രാന്തനായി താൻ തന്നെ കുഴിച്ചിട്ടുവെന്നുമാണ് സ്ഥലമുടമ പൊലീസിനോട് പറഞ്ഞത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here