7 വര്‍ഷത്തെ ഇടവേളക്കുശേഷം പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ, ബാബറിനെയും സംഘത്തെയും വിമാനത്താവളത്തിൽ വരവേറ്റ് ആരാധകർ

0
213

ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി.നാളെയാണ് പാകിസ്ഥാന്‍റെ ആദ്യ സന്നാഹ മത്സരം. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തിയത്. ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തിനാൽ ദുബായ് വഴിയായായിരുന്നു പാകിസ്ഥാൻ ടീമിന്റെ യാത്ര. ഇതിനിടെ പാക് ടീം ദുബായിൽ ചെലവഴിച്ചത് ഒൻപത് മണിക്കൂർ. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ടീമിനെ കാത്ത് അര്‍ധരാത്രിയിലും നൂറു കണക്കിനാരാധകരാണ് കാത്തു നിന്നത്.

ബാബറിന്‍റെ പേരെടുത്ത് വിളിച്ച് ആരാധകര്‍ ആവേശം പ്രകടിപ്പിച്ചപ്പോള്‍ പാക് നായകനും ആരാധകരെ അഭിവാദ്യം ചെയ്തു. പാക്കിസ്ഥാന്‍റെ ഏറ്റവും വലിയ ആരാധകനായ ചാച്ചയും ടീമിനെ വരവേല്‍ക്കാന്‍ ഹൈദരാബാദിലുണ്ടായിരുന്നു. 2016ന് ശേഷം ആദ്യമായാണ് പാകിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കാനെത്തുന്നത്.2016ലെ ടി20 ലോകകപ്പിലായിരുന്നു പാക്കിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ കളിച്ചത്.

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ യു പേസര്‍ നസീം ഷാ ഇല്ലാതെയാണ് ബാബർ അസമും സംഘവും ലോകകപ്പിനായി ഇന്ത്യയിലെത്തിയിരിക്കുന്നത്. മുഹമ്മദ് നവാസും സൽമാൻ അലി ആഘയും ഒഴികെ ടീമിലെ ആരും ഇതിന് മുൻപ് ഇന്ത്യയിൽ കളിച്ചിട്ടില്ല. ഇത് ടീമിന്‍റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയാവില്ലെന്ന് ബാബർ അസം പറഞ്ഞു.

നാളെ ന്യുസീലൻഡിനെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ സന്നാഹമത്സരം.ഒക്ടബോർ മൂന്നിന് ഓസ്ട്രേലിയയുമായും പരിശീലന മത്സരം കളിക്കും.സുരക്ഷാ ഭീഷണിയുള്ളതിനാല്‍ പാക് ടീമിന്‍റെ രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക. അഞ്ചിന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഒക്ടോബർ പതിനാലിന് അഹമ്മദാബാദിൽ നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here