മംഗളൂരു: ഹിന്ദുത്വ ആക്റ്റിവിസ്റ്റ് ചൈത്ര കുന്ദാപുരക്കെതിരെ മറ്റൊരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബിജെപി അംഗത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. നിലവില്‍ ബംഗളുരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സിസിബി) കസ്റ്റഡിയിലാണ് ചൈത്ര കുന്ദാപുരയുള്ളത്.
ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ചൈത്ര പണം വാങ്ങി എന്നാണ് പരാതി. ഉഡുപ്പി സ്വദേശിയായ 33കാരനായ സുധീന പൂജാരിയാണ് പരാതി നല്‍കിയത്. 2015ൽ ‘ഗോ രക്ഷാ സംഗമ’ത്തിനിടെയാണ് താൻ കുന്ദാപുരയെ ആദ്യമായി കാണുന്നതെന്ന് സുധീന പറഞ്ഞു. ടെക്സ്റ്റൈല്‍ ഷോപ്പ് തുടങ്ങാന്‍ ചൈത്ര തന്നെ പ്രോത്സാഹിപ്പിച്ചെന്ന് സുധീന പൂജാരി പറയുന്നു.
മത്സ്യബന്ധനത്തിലൂടെയും മറ്റും ആവശ്യമായ പണം താന്‍ സ്വരൂപിച്ചു. ചൈത്രയ്ക്ക് രണ്ട് ലക്ഷം രൂപ നേരിട്ട് നല്‍കി. മൂന്ന് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. എന്നാല്‍ താന്‍ ആന്ധ്രയില്‍ ജോലി ചെയ്യുന്ന കാലത്ത് ചൈത്രയുടെ പേരില്‍ ഷോപ്പ് രജിസ്റ്റര്‍ ചെയ്ത് വഞ്ചിച്ചെന്നാണ് സുധീന ഉഡുപ്പിയിലെ കോട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അഞ്ച് ലക്ഷം രൂപ തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ലൈംഗിക പീഡന പരാതി ഉന്നയിക്കുമെന്ന് ചൈത്ര തന്നെ ഭീഷണിപ്പെടുത്തിയതായി ബിജെപി അംഗം ആരോപിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506 (ഭീഷണിപ്പെടുത്തൽ), 417 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ചൈത്രക്കെതിരെ കോട്ട പൊലീസ് കേസെടുത്തത്.