16 ബിസ്‌കറ്റിന്‍റെ പാക്കറ്റിൽ 15 എണ്ണം മാത്രം; കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി

0
181

ചെന്നൈ: പായ്ക്കറ്റിൽ ഒരു ബിസ്‌കറ്റ് കുറഞ്ഞതിനെത്തുടർന്ന് നിർമാതാക്കൾക്ക് ലക്ഷംരൂപ പിഴചുമത്തി ഉപഭോക്തൃകോടതി. 16 ബിസ്‌കറ്റ് ഉണ്ടാവേണ്ടിയിരുന്ന പാക്കറ്റിൽ ഒരു ബിസ്‌കറ്റ് കുറഞ്ഞതിനാലാണ് നിർമാതാക്കളായ ഐ.ടി.സി. ലിമിറ്റഡിന് തിരുവള്ളൂർ ഉപഭോക്തൃകോടതി പിഴചുമത്തിയത്.

ചെന്നൈ മണലിയിലെ ദില്ലിബാബു എന്നയാൾക്കാണ് കമ്പനി പണം നൽകേണ്ടത്. അന്യായമായ വ്യാപാരസമ്പ്രദായവും സേവനത്തിലെ പോരായ്മയും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പരാതിക്കിടയാക്കിയ പ്രത്യേക ബാച്ചിന്റെ (നമ്പർ 0502 സി 36) ബിസ്‌കറ്റുകൾ വിൽക്കരുതെന്നും നിർദേശിച്ചു. പരാതിക്കാരന് കോടതിവ്യവഹാരത്തിനായി 10,000 രൂപ നൽകാനും ഉത്തരവിട്ടു.

2021-ൽ മണലിയിലെ കടയിൽനിന്നാണ് ദില്ലി ബാബു ബിസ്‌കറ്റ് വാങ്ങിയത്. 16 ബിസ്‌കറ്റുകളുണ്ടെന്ന് പൊതിയുടെ പുറത്ത് രേഖപ്പെടുത്തിയിരുന്നെങ്കിലും 15 എണ്ണം മാത്രമാണ്‌ ഉണ്ടായിരുന്നത്. ഇതേക്കുറിച്ച് ദില്ലി ബാബു ബിസ്കറ്റ് വിറ്റ കട, ഐ.ടി.സി. അധികൃതർ എന്നിവരിൽനിന്ന് വിശദീകരണം ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്.

ബിസ്‌കറ്റിന്റെ എണ്ണത്തിൽ കൃത്യതയില്ലാത്തതുമൂലം പ്രതിദിനം ലക്ഷക്കണക്കിനുപേർ വഞ്ചിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് ദില്ലി ബാബു ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here