ചെന്നൈ: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് തമിഴ്‍നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന പരാതി ലോട്ടറി വകുപ്പ് അന്വേഷിക്കും. ജോയ്‍ന്‍റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്. കേരളത്തിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തമിഴ്നാട്ടിൽ വിറ്റെന്നാണ് പരാതി. കേരള ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ നിയമപരമായി അനുമതിയില്ല. സാധാരണഗതിയിൽ ഇതരസംസ്ഥാനക്കാർക്ക് ലോട്ടറി അടിക്കുമ്പോഴും ഈ സമിതി അന്വേഷണം നടത്താറുണ്ട്.
ഇത്തവണത്തെ കേരള സർക്കാരിന്റെ ഓണം ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾക്കാണ്. 25 കോടിയുടെ ബമ്പർ അടിച്ചതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് നാല് പേരും. അസുഖബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തതെന്നും അടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഓണം ബമ്പർ ഭാഗ്യശാലികളിലൊരാളായ നടരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘വയ്യാതെ കിടക്കുന്ന ഒരു സുഹൃത്തിനെ കാണാൻ വേണ്ടിയാണ് നാലംഗസംഘം വാളയാറിലെത്തിയത്. തിരിച്ചു പോവുമ്പോ ൾ സുഹൃത്തുക്കളായ ഞങ്ങൾ നാലു പേർ കൂടി മൂന്ന് ലോട്ടറി എടുത്തു. അടിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പലരും ലോട്ടറി അടിച്ചെന്ന് വിളിച്ചു പറഞ്ഞപ്പോഴും വിശ്വാസം വന്നില്ല. വലിയ സന്തോഷമുള്ള സമയമാണ്. കേരള സർക്കാരിനും നന്ദി. ഒരു മാസത്തിൽ പണം കിട്ടുമെന്നാണ് പറഞ്ഞത്’. ഭാവി പരിപാടികൾ പ്ലാൻ ചെയ്തിട്ടില്ല. സുഹൃത്തുക്കളായ മറ്റു 3 പേർ പുറത്തു വരാത്തത് കുടുംബപരമായ പ്രശ്നം കാരണമാണെന്നും നടരാജൻ വിശദീകരിച്ചു. കുപ്പുസ്വാമി, പാണ്ഡ്യരാജ്, രാമസ്വാമി എന്നീ സുഹൃത്തുക്കൾക്ക് ഒപ്പമാണ് നടരാജൻ ടിക്കറ്റ് എടുത്തത്.