തിരുവനന്തപുരം: കേരളം ആകാക്ഷയോടെ കാത്തിരുന്ന ഇക്കൊല്ലത്തെ ഓണം ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്. TE 230662 എന്ന ടിക്കറ്റിന്റെ ഉടമയ്ക്കാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കായിരുന്നു നറുക്കെടുപ്പ്.
85ലക്ഷം ടിക്കറ്റാണ് ഇത്തവണ അച്ചടിച്ചത്.75 ലക്ഷം വിറ്റു. ഡിമാൻഡ് കൂടിയതിനാൽ ഇന്ന് രാവിലെ 10 മണിവരെ ലോട്ടറി ഓഫീസിൽ നിന്ന് ഏജന്റുമാർക്ക് ടിക്കറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം നറുക്കെടുപ്പിന്റെ തലേന്ന് ടിക്കറ്റ് വിതരണം നിറുത്തിയിരുന്നു. കഴിഞ്ഞ വർഷം 67.5ലക്ഷം ടിക്കറ്റാണ് വിറ്റത്. 500രൂപയായിരുന്നു ടിക്കറ്റ് വില.
നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഗ്രൂപ്പുചേർന്ന് ആളുകൾ ടിക്കറ്റെടുത്തതോടെയാണ് ഇത്തവണത്തെ വില്പന വൻ ഹിറ്റായത്
ടിക്കറ്റ് വില കൂടിയതും കഴിഞ്ഞ മൺസൂൺ ബമ്പർ ഹരിത കർമ്മസേനാംഗങ്ങൾ കൂട്ടായെടുത്ത ടിക്കറ്റിന് അടിച്ചതും പങ്കുചേർന്ന് ടിക്കറ്റ് എടുക്കുന്ന രീതി വ്യാപകമാക്കി. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവർ ലോട്ടറിയടിച്ചാൽ ജോയിന്റ് അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടിലേക്ക് പണം നൽകും. അല്ലെങ്കിൽ സമ്മാനത്തുക വീതംവയ്‌ക്കുന്നത് ലോട്ടറിവകുപ്പിനെ ഏൽപ്പിക്കാം. എങ്ങനെ വീതിക്കണം എന്ന് രേഖാമൂലം അറിയിച്ചാൽ അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം നൽകും. 2019ലെ 12കോടിയുടെ തിരുവോണം ബമ്പർ അടിച്ചതും പങ്കു ടിക്കറ്റുകാർക്കാണ്.