മഴയത്ത് ഷീന കാത്തിരുന്നു, നബിദിന റാലിയെത്താൻ; കുട്ടികൾക്ക് നോട്ടുമാലയിട്ട് ഉമ്മയും സമ്മാനിച്ച് മടങ്ങി- വീഡിയോ

0
287

മലപ്പുറം: പ്രവാചക സ്മരണയിൽ സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടക്കുകയാണ്. നൂറുകണക്കിനു മദ്രസ വിദ്യാർഥികളും വിശ്വാസികളും അണിനിരന്ന നബിദിന റാലികള്‍ വിവധ ജില്ലകളിൽ ആഘോഷത്തോടെയാണ് നടക്കുന്നത്. ഇതിനിടെ മലപ്പുറത്തെ ഒരു നബിദിന റാലിയിൽ നിന്നുള്ള കാഴ്ച സമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. നബിദിന റാലിയിലെത്തിയ കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിച്ച ഷീന എന്ന യുവതി മലപ്പുറത്തെ മത സൗഹാർദ്ദത്തിന്‍റെ മാതൃകയായി.

മലപ്പുറം കോഡൂർ വലിയാട് തദ് രീസുൽ ഇസ്ലാം മദ്രസയുടെ നബി ദിന റാലിക്കിടെയാണ് ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത്. നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നിന്ന പ്രദേശവാസിയായ ഷീന കുട്ടികൾക്ക് നോട്ട് മാല ചാർത്തുകയായിരുന്നു. തന്‍റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാർത്തി കവിളിൽ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്. ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവർ യാത്ര നിർത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വീഡിയോയിൽ കാണാം.

തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിൽ ആണ് നോട്ട് മാല നൽകിയതെന്നുമാണ് ഷീന പറയുന്നത്. വിവധ മഹല്ലു കമ്മിറ്റികളുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ വലിയ ആഘോഷങ്ങളാണ് നബിദിനത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ വിവിധ കലാപരിപാടികളും ദഫ് മുട്ടുമാണ് നബിദിന റാലികളിലെ പ്രധാന ആകർഷണം.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here