ഗണേഷോത്സവത്തിനിടയിൽ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ

0
76

ചെന്നൈ: തമിഴ്‌നാട്ടിൽ ഗണേഷോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ. വെല്ലൂരിൽ നടന്ന വിനായക ചതുർത്ഥി ആഘോഷത്തിനിടെയാണ് ബുർഖ ധരിച്ച് ഒരു യുവാവ് പ്രത്യക്ഷപ്പെട്ടത്. വിരുത്തംപട്ട് സ്വദേശി അരുൺകുമാർ ആണ് ആൾമാറാട്ടത്തിനു പിടിയിലായത്.

സെപ്റ്റംബറിൽ 21നു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനു പിന്നാലെ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതിയും ലഭിച്ചു. ആഘോഷത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കിടയിൽ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് ആരോപണമുയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അരുൺകുമാറിനെ അറസ്റ്റ് ചെയ്തതായി വെല്ലൂർ പൊലീസ് അറിയിച്ചു.

മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചു, രണ്ടു മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാന്‍ നീക്കം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു പ്രതിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കും. സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here