500 കോടി നിക്ഷേപം! യൂസഫലി വാഗ്ദാനം ചെയ്ത് മാസങ്ങൾ, 2 ലക്ഷം സ്ക്വയർഫീറ്റിൽ പുതിയ ലുലു മാൾ തെലങ്കാനയിൽ റെഡി

0
188

ഹൈദരാബാദ്: ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ ഹൈദരാബാദിൽ തുറന്ന് ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റുമാണ് ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറക്കുന്നത്. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിർവ്വഹിക്കും. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.

സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ് വച്ച് മാസങ്ങൾക്കകം തന്നെ ഈ നിക്ഷേപവാദഗ്ദാനം യാഥാർത്ഥ്യമായിരിക്കുകയാണ്. 2500 ലധികം പേർക്കാണ് പുതിയ തൊഴിൽ അവസരം ഒരുങ്ങിയിരിക്കുന്നത്.

ലോകോത്തര നിലവാരമുള്ള ലുലു ഹൈപ്പർമാർക്കറ്റ് കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെംയിം സെന്ററായ ലുലു ഫൺടൂറ , ഇലക്ട്രോണിക്സ് ഹോം ഉത്പന്നങ്ങളുടെ ശേഖരവുമായി ലുലു കണക്ട്, ബ്രാൻഡഡ് ഫാഷൻ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോർ, എഴുപത്തിയഞ്ചിലധികം അന്താരാഷ്ട്ര ബ്രാൻഡഡ് ഉത്പന്നങ്ങൾ, 1400പേരുടെ സീറ്റിങ്ങ് സജ്ജീകരണമുള്ള അഞ്ച് തിയേറ്റർ സ്ക്രീനുകൾ,  വൈവിധ്യമായ ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോർട്ട് എന്നിവ മാളിലെ മറ്റ് ആകർഷണങ്ങളാണ്.

ലുലു ഗ്രൂപ്പ് ഇന്റർനാഷ്ണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്ത്യ ആൻഡ് ഒമാൻ ഡയറക്ടർ ആനന്ദ് എ.വി, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ്, ലുലു തെലങ്കാന റീജിയണൽ മാനേജർ അബ്ദുൾ ഖദീർ ഷെയ്ഖ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യയിലെ ലുലുവിന്റെ ആറാമത്തെ ഷോപ്പിങ്ങ് കേന്ദ്രമാണ് ഹൈദരാബാദിലേത്. കൊച്ചി, തിരുവനന്തപുരം, ബെംഗ്ലൂരു, ലഖ്നൗ, കോയമ്പത്തൂർ എന്നിവടങ്ങൾക്ക് പുറമേയാണ് ഹൈദരാബാദിലും ലുലു സജീവമായിരിക്കുന്നത്. കൂടാതെ, തെലങ്കാനയിലെ വിവിധയിടങ്ങളിൽ കൂടി നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്. കേരളത്തിൽ വിവിധയിടങ്ങളിൽ തുറക്കാനിരിക്കുന്ന മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും പുറമേ അഹമ്മദാബാദ്, വാരണാസി, നോയിഡ, ബാംഗ്ലൂർ, ചെന്നൈ എന്നിവടങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും  ഉടൻ യാഥാർത്ഥ്യമാകും. ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങളും പുതിയ റീട്ടെയ്ൽ പ്രൊജക്ടുകളും അഹമ്മദാബാദ്, ചെന്നൈ, ശ്രീനഗർ, ഗ്രേയിറ്റർ നോയിഡ, വരാണസി തുടങ്ങിയിടങ്ങളിൽ വിപുലമായി തുറക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here