ആപ്പിളിന്റെ പുതിയ ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് വിൽപ്പനയാരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി ഡൽഹിയിലും മുംബൈയിലും ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഐഫോൺ ലോഞ്ചാണിത്. ലോഞ്ചിങ്ങ് ദിവസം ലോകമെമ്പാടുമുള്ള മറ്റ് ഐഫോൺ സ്റ്റോറുകളിൽ കാണപ്പെടുന്നത് പോലെ ഏറ്റവും പുതിയ സീരീസ് സ്വന്തമാക്കാനായി ഐഫോൺ പ്രേമികൾ ഇന്ത്യയിലെ സ്റ്റോറുകൾക്ക് പുറത്ത് പുലർച്ചെ നാല് മണിമുതൽ ക്യൂ പാലിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് 3 മണി മുതൽ ആപ്പിൾ സ്റ്റോറിന് മുൻപിലെത്തിയവരുണ്ട്, “ഞാൻ ഇന്നലെ വൈകിട്ട് 3 മണി മുതൽ ഇവിടെയുണ്ട്. അഹമ്മദാബാദിൽ നിന്ന്, ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറിൽ നിന്ന് എന്റെ ആദ്യത്തെ ഐഫോൺ വാങ്ങാൻ വന്നതാണ്, 17 മണിക്കൂറായിട്ട് ഞാൻ ഈ ക്യൂവിൽ നിൽക്കുകയാണ്” – മുംബൈയിലെ ഐഫോൺ സ്റ്റോറിനു മുൻപിലെ ഒരു ഐഫോൺ ആരാധകന്റെ പ്രതികരണം.
ഇന്ത്യയിലെ രണ്ട് ആപ്പിൾ സ്റ്റോറുകളായ ഡൽഹിയുടെ സെലക്ട് സിറ്റി വാക്കിന് പുറത്തും മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലും പുതിയ ഐഫോൺ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണപ്പെട്ടത്.
ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളാണ് സെപ്റ്റംബർ 12ന് ആപ്പിൾ ലോഞ്ച് ചെയ്തത്. പുതിയ സീരീസ് ലോഞ്ച് ചെയ്തതോടെ, ഐഫോൺ 14 പ്രൊ, ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകളുടെ നിർമ്മാണം അവസാനിപ്പിച്ചതായി ആപ്പിൾ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ, ഐഫോൺ 15 സീരിസിന്റെ സ്വീകാര്യത ഉപഭോക്താക്കൾക്ക് ഇടയിൽ കൂടിയിട്ടുണ്ട്. കൂടാതെ, പുതിയ സീരിസിന്റെ വരവോടെ, ഐഫോണ്‍ 14ന്റെ 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 69,900 രൂപയായി കുറഞ്ഞിട്ടുണ്ട്, ഐഫോൺ 14 പ്ലസിന്റെ വിലയും കുറഞ്ഞു. അതേസമയം, ഐഫോണ്‍ 13ന്റെ വേരിയേഷനുകള്‍ക്ക് 20,000 രൂപയുടെ വിലയിടിവാണുണ്ടായിരിക്കുന്നത് . ഐഫോൺ 12 ന്റെ മോഡലുകൾക്കും വിലയിടിവ് വന്നിട്ടുണ്ട്.
ടൈപ്പ് സി കേബിള്‍, 48 എംപി ക്യാമറ,ടൈറ്റേനിയം ഫ്രെയിം എന്നീ സവിശേഷതകളുമായാണ് പുതിയ സീരീസ് ആപ്പിൾ അവതരിപ്പിച്ചത്. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് പുതിയ മോഡലിൽ ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ, ഇത് നിഴലിലായ ഐഫോണിന്റെ വിപണി കീഴടക്കാൻ വലിയ പങ്ക് വഹിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ലഭ്യമാകുക.
ഇന്ത്യയിലെ ഐഫോൺ 15 സീരിസിന്റെ വില
ഐഫോൺ 15 (128 ജിബി) : 79,900 രൂപ
ഐഫോൺ 15 (256 ജിബി) ; 89,900 രൂപ
ഐഫോൺ 15 (512 ജിബി) : 1,09,900 രൂപ
ഐഫോൺ 15 പ്ലസ് (128 ജിബി) : 89,900 രൂപ
ഐഫോൺ 15 പ്ലസ് (256 ജിബി) : 99,900 രൂപ
ഐഫോൺ 15 പ്ലസ് (512 ജിബി) : 1,19,900 രൂപ
ഐഫോൺ 15 പ്രോ (128 ജിബി) : 1,34,900 രൂപ
ഐഫോൺ 15 പ്രോ (256 ജിബി) : 1,44,900 രൂപ
ഐഫോൺ 15 പ്രോ (512 ജിബി) : 1,64,900 രൂപ
ഐഫോൺ 15 പ്രോ (1 ടിബി) : 1,84,900 രൂപ
ഐഫോൺ 15 പ്രോ മാക്സ് (256 ജിബി) : 1,59,900 രൂപ
ഐഫോൺ 15 പ്രോ മാക്സ് (512 ജിബി) : 1,79,900 രൂപ
ഐഫോൺ 15 പ്രോ മാക്സ് (1 ടിബി) : 1,99,900 രൂപ
#WATCH | A customer outside the Apple store at Mumbai's BKC says, "I have been here since 3 p.m. yesterday. I waited in the queue for 17 hours to get the first iPhone at India's first Apple store. I have come from Ahmedabad…"
Another customer, Vivek from Bengaluru says, "…I… https://t.co/0deAz5JkCH pic.twitter.com/YE6m5cufC2
— ANI (@ANI) September 22, 2023