കാസർകോട്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 432 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. മശ്ചേശ്വരം ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യം കടത്തിയ മംഗളൂരു ജെപ്പന ഗോരിഗുഡ്ഡ ലോബോ കോമ്പൗണ്ടിൽ മോനപ്പയുടെ മകൻ ബാലകൃഷ്ണ (50)യെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോട് കൂടി KA 20 MB 3090 നമ്പർ മാരുതി സ്വിഫ്റ്റ് കാറിലാണ് മദ്യം കൊണ്ട് വന്നത്. 50 കാർഡ് ബോർഡ് ബോക്സുകളിൽ 2400 ടെട്രാ പാക്കറ്റുകളിലായിയിരുന്നു 432 ലിറ്റർ കർണ്ണാടക നിർമ്മിത മദ്യം സൂക്ഷിച്ചത്. കാസറഗോഡ് കുമ്പള ഭാഗത്തേക്കാണ് ഇയാൾ മദ്യം കടത്തിയിരുന്നത്.എക്സ്സൈസ് ഇൻസ്പെക്ടർ റിനോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
പരിശോധനയിൽ പ്രിവന്റീവ് ഓഫിസറായ സുരേഷ്ബാബു കെ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഇജ്ജാസ് പി പി, മഞ്ജുനാഥൻ വി, സബിത്ത് ലാൽ വി ബി, ഡ്രൈവർ സത്യൻ കെ ഇ എന്നിവർ പങ്കെടുത്തു. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ്സെടുത്തായി എക്സൈസ് അറിയിച്ചു. ഇയാൾ സമാനമായ രീതിയിൽ മുമ്പും മദ്യം കടത്തിയിട്ടുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്