കൊല്ലത്ത് സൈനികനെ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് പൊലീസ്, നിർണായകമായത് സുഹൃത്തിന്റെ മൊഴി

0
197

കൊല്ലം : കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു.

സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെയിന്റും ബ്രഷും കണ്ടെത്തിയത്. ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈൻ ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മർദ്ദിക്കാൻ ആവശ്യപെട്ടുവെങ്കിലും താൻ ചെയ്‌തില്ലെന്നും ജോഷി പറയുന്നു.

തന്നെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്നായിരുന്നു കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാർ പൊലീസിൽ നൽകിയ പരാതി. പിന്നാലെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങി. പിന്നാലെയാണ് യഥാർത്ഥ സംഭവം വെളിവായത്.
എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സൈനികനെ ചോദ്യം ചെയ്യുകയാണെന്നും അതിന് ശേഷം മാത്രമാകും തുടര്‍നടപടികളെന്ന് കടയ്ക്കല്‍ പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി.

ഷൈന്‍ കുമാറിന്റെ  പരാതിയിലുണ്ടായിരുന്നത്…

”ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴി ആക്രമിച്ചു. മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബർ തോട്ടത്തിൽ എത്തിയപ്പോൾ സുഹൃത്ത് മദ്യപിച്ച്  അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന് പറഞ്ഞ് രണ്ടുപ്പേര്‍ തടഞ്ഞു നിര്‍ത്തി. നോക്കാൻ പോയപ്പോൾ ഇതിൽ ഒരാൾ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതി. ആറംഗസംഘം ആക്രമണത്തിന് ശേഷം കടന്നു കളഞ്ഞു”- ഇതായിരുന്നു പരാതിയിലുണ്ടായിരുന്നത്. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നും ഷൈൻ മൊഴി നൽകിയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here