അമൃത്സര്‍: 22 കാരനായ കബഡി താരത്തെ കൊലപ്പെടുത്തി മൃതദേഹം മാതാപിതാക്കളെ വിളിച്ചുണര്‍ത്തി വീട്ടുപടിക്കല്‍ കൊണ്ട് തള്ളി അക്രമികള്‍. നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നുവെന്നായിരുന്നു അക്രമികള്‍ 22കാരന്റെ മാതാപിതാക്കളോട് ആക്രോശിച്ചത്. പഞ്ചാബിലെ കപൂര്‍ത്തലയില്‍ വെള്ളിയാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഹര്‍ദീപ് സിംഗ് എന്ന 22 കാരനായ യുവ കബഡി താരത്തെയാണ് ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹര്‍ദീപ് സിംഗ് എന്ന ദീപയേയാണ് വാളുകള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. വ്യക്തി വൈരാഗ്യത്തേ തുടര്‍ന്നായിരുന്നു അക്രമം എന്നാണ് കപൂര്‍ത്തല എസ്എസ്പി രാജ്പാല്‍ സിംഗ് സന്ധു വിശദമാക്കുന്നത്. ഹര്‍ദീപ് സിംഗിന് ഹര്‍പ്രീത് സിംഗ് ഹാപ്പി എന്ന യുവാവുമായി വാക്കുതര്‍ക്കം പതിവായിരുന്നുവെന്നാണ് കൊലപാതകം സംബന്ധിച്ച പരാതിയില്‍ 22കാരന്റെ പിതാവ് ഗുര്‍നാം സിംഗ് പറയുന്നത്. ദില്‍വാന്‍ സ്വദേശിയാണ് ഹര്‍പ്രീത് സിംഗ് ഹാപ്പിയും. ഒരു എഫ്ഐആറില്‍ പേര് വന്നതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി ഹര്‍ദീപ് ഏതാനും ദിവസങ്ങളായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. സെപ്തംബര്‍ 20നാണ് ഹര്‍ദീപ് തിരികെ വീട്ടിലെത്തുന്നത്. സെപ്തംബര്‍ 20 ന് വൈകുന്നേരം വീട്ടില്‍ നിന്ന് ബാങ്കിലെ ചില രേഖകളുമായി യുവാവ് പുറത്ത് പോയിരുന്നു.
ഏറെ വൈകിയും യുവാവ് തിരികെ വന്നില്ല. രാത്രി 10.30ഓടെ വാതിലില്‍ ആരോ മുട്ടിവിളിക്കുകയായിരുന്നു. പുറത്തേക്ക് എത്തിയ ഗുര്‍നാം സിംഗും ഭാര്യയും കണ്ടത് ഹര്‍പ്രീത് സിംഗ് ഹാപ്പിയും മറ്റ് അഞ്ച് പേരും ചേര്‍ന്ന് 22കാരനെ ക്രൂരമായി ആക്രമിക്കുന്നതായിരുന്നു. പിന്നാലെ മകന്‍ മരിച്ചെന്ന് ഹര്‍പ്രീത് 22കാരന്റെ മാതാപിതാക്കളോട് പറയുകയായിരുന്നു. മാതാപിതാക്കള്‍ 22കാരനെ ജലന്ധറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹര്‍ദീപിനെ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണമാണ് ശിരോമണി അകാലിദള്‍ ഉയര്‍ത്തിയിരിക്കുന്നത്. കാട്ടുനീതിയാണ് പഞ്ചാബില്‍ നടക്കുന്നതെന്നാണ് ശിരോമണി അകാലിദള്‍ ആരോപിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ശിരോമണി അകാലി ദള്‍ ആരോപിക്കുന്നു.
Shocked to learn about the brutal killing of a young Kabaddi player at vill Dhilwan in Kapurthala. See the level of fearlessness of the murderers; they knocked at the door and told the parents: "Aah maar ditta tuhada Sher putt". This isn't an isolated incident. There is complete… pic.twitter.com/myulUOWFvJ
— Sukhbir Singh Badal (@officeofssbadal) September 22, 2023
നിങ്ങളുടെ സിംഹക്കുട്ടി ഇതാ കിടക്കുന്നുവെന്ന് പറഞ്ഞ് കൊലപാതകികള്‍ 22 കാരന്റെ മാതാപിതാക്കളെ ഭീഷണിപ്പെടുന്നത്തുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളതെന്ന് ശിരോമണി അകാലി ദൾ പ്രസിഡന്റ് സുഖ്ഭീര്‍ സിംഗ് ബാദൽ ആരോപിച്ചു. കൊള്ളയും പിടിച്ചുപറിയും സംസ്ഥാനത്ത് സാധാരണമായിരിക്കുകയാണ്. സാഹചര്യം കൈകാര്യം ചെയ്യാന്‍ ആവാത്ത സ്ഥിതിയാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും സുഖ്ഭീര്‍ സിംഗ് ബാദല്‍ വിമര്‍ശിച്ചു.