കേരളത്തിന്റെ ട്രാക്കിൽ രണ്ടാം വന്ദേഭാരത്, റൂട്ടും സമയക്രമവും ആയി; ഞായറാഴ്ച മുതലെത്തിയേക്കും

0
215

തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ സര്‍വീസ് തുടങ്ങാൻ സാധ്യത. കാസർകോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ്. രണ്ടാം വന്ദേഭാരതിന്‍റെ സമയമക്രമവും തയ്യാറായി. രാവിലെ ഏഴു മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് 3.05 ന് എത്തും. തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസര്‍കോട് എത്തും. ആഴ്ചയിൽ ആറു ദിവസം സ‍ര്‍വീസുണ്ടായിരിക്കും. ഈ മാസം 24 ഞായറാഴ്ച മുതൽ കാസ‍ർകോട് നിന്നും സ‍ര്‍വീസ് തുടങ്ങാനാണ് സാധ്യത. ആകെ  9 വന്ദേഭാരത് ട്രെയിനുകള്‍ ഒരുമിച്ച് ഉത്ഘാടനം ചെയ്യുന്നതാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്.

ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു നേരത്തെ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേ ഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനവും യാത്രക്കാർക്ക് പ്രതീക്ഷ കൂട്ടി. അതിനിടെ കേരളത്തിന് അനുവദിച്ച വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടുപോകുമെന്ന പ്രചാരവുമുണ്ടായി. ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും സ‍ര്‍വീസ് എന്ന് തുടങ്ങുമെന്നതിൽ ഇതുവരെയും വ്യക്തതയുണ്ടായിരുന്നില്ല.

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ജനപ്രിയമാകാൻ ഒരുങ്ങുകയാണ്. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സ്ലീപ്പർ ട്രെയിനുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുമെന്നാണ് പുതിയ പ്രഖ്യാപനം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ജനറൽ മാനേജർ ബിജി മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ പുറത്തിറക്കും. ആദ്യ ട്രെയിൻ 2024 മാർച്ചിൽ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ നേട്ടമായിരിക്കുമെന്നും ഒറ്റരാത്രികൊണ്ട് അതിവേഗ ട്രെയിനുകളിൽ ദീർഘദൂരം സഞ്ചരിക്കാൻ സാധിക്കുന്നത് യാത്രക്കാർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here