ഗൾഫ് -​ കേരള കപ്പൽ സർവീസ്​; ഡിസംബറിൽ സർവീസ്​ ആരംഭിക്കാൻ നീക്കം

0
245

കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക്​ ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും​. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കി. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്​.​ സംസ്​ഥാന സർക്കാറുമായി സഹകരിച്ച്​ ഷാർജ ഇന്ത്യൻ അസോസിയേഷനാണ്​ കപ്പൽ സർവീസിന്​ നേതൃത്വം നൽകുന്നത്.

സീസൺ വേളയിലും മറ്റും നാട്ടിലേക്കുള്ള വിമാനനിരക്ക്​ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ബദൽ യാത്രാ സംവിധാനങ്ങൾ ഒരുക്കാനുള്ള സംസ്​ഥാന സർക്കാർ ഇടപെടലാണ്​ കപ്പൽ സർവീസ്​. കുറഞ്ഞ നിരക്കിൽ നാട്ടിലെത്തി മടങ്ങാൻ സൗകര്യപ്രദമായ കപ്പൽ സർവീസ്​ എന്ന ആശ​യം യാഥാർഥ്യമാക്കാൻ തിരക്കിട്ട നീക്കങ്ങളാണ്​ ആരംഭിച്ചിരിക്കുന്നത്​.

യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് ​ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മലബാര്‍ ഡെവലപ്പ്മെന്‍റ് കൗണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി. മുരളധീരനെയും സംസ്ഥാന സർക്കാറിനെയും സമീപിച്ചതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം പറഞ്ഞു. കേരളമുഖ്യമന്ത്രി സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ട്​. എന്നാൽ കേന്ദ്രാനുമതി ലഭിച്ചാലേ സർവീസ്​ ആരംഭിക്കാനാവൂ. ഇക്കാര്യത്തിൽ അനുകൂല പ്രതികരണം ​വൈകില്ലെന്നാണ്​ സൂചന.

ഓരോയാത്രക്കാരനും 10,000രൂപ മാത്രം ചിലവിൽ നാട്ടിലേക്കും തിരിച്ചും പോയിവരാൻ കപ്പൽ സർവീസ്​ യാഥാർഥ്യമായാൽ സാധിക്കുമെന്നാണ്​ വിലയിരുത്തൽ. 200കിലോ ഗ്രാം ലഗേജ്​ കൊണ്ടുപോകാൻ സൗകര്യമുണ്ടായിരിക്കും. മൂന്നു ദിവസത്തെ യാത്ര മികച്ച സൗകര്യങ്ങളുള്ള കപ്പലിൽ ഒരുക്കാനാകും. സ്കൂൾ അവധിക്കാലത്തും അല്ലാത്ത കാലങ്ങളിലും പ്രവാസികൾക്ക്​ ഉപകാരപ്പെടും. യു.എ.ഇക്കു പുറമെ മറ്റു ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും സർവീസ്​ ഉപകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here