ബദിയഡുക്ക: ഏറെ ആഗ്രഹിച്ചാണ് മൊഗറിലെ എ.എച്ച്.അബുദുള്‍ റൗഫ് പുതിയ ഓട്ടോയെടുത്തത്. ജൂണ്‍ 13-ന് രജിസ്‌ട്രേഷന്‍ നടത്തിയ കെ.എല്‍14 എ.ഡി.1329 നമ്പര്‍ ഓട്ടോ നിരത്തിലിറക്കുമ്പോള്‍ ആഗ്രഹങ്ങളേറെയുണ്ടായിരുന്നു. എന്നാല്‍ എല്ലാ സ്വപ്‌നവും തിങ്കളാഴ്ച വൈകീട്ട് പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസുമായുള്ള കൂട്ടിയിടിയില്‍ തകര്‍ന്നു. അപകടത്തില്‍ തകരക്കൂട് മാത്രമായ ഓട്ടോയില്‍പ്പെട്ട് റൗഫിന്റെ ജീവനും പൊലിയുമ്പോള്‍ ഒരു കുടുംബത്തിന്റെ പ്രതീക്ഷകൂടിയാണ് തകര്‍ന്നുപോയത്.
തകരക്കൂടുപോലെ ഓട്ടോ
അമിതവേഗത്തില്‍വന്ന ബസിന്റെ ഇടിയില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ റിക്ഷയുടെ മുകള്‍ഭാഗത്തെ കമ്പിയുള്‍പ്പെടെ ഓടിഞ്ഞ് പിറകോട്ട് തള്ളി. ബസ് അല്‍പദൂരം മുന്നോട്ടുപോയതോടെ ഒരാള്‍ക്ക് പുറത്തിറങ്ങാന്‍പോലും കഴിയാത്ത വിധം ഓട്ടോ തകരക്കൂട് പോലെയായി. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു.
സംഭവമറിഞ്ഞയുടന്‍ പ്രദേശവാസികള്‍ സ്ഥലത്തെത്തിയെങ്കിലും ഓട്ടോയുടെ ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. കമ്പികള്‍ക്കിടയില്‍ ഞെരുങ്ങിയ അവസ്ഥയിലായിരുന്നു എല്ലാവരും. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഓരോരുത്തരെയും പുറത്തെടുത്തത്.
ആംബുലന്‍സിനായി കാത്തിരിപ്പ്
രക്ഷാപ്രവര്‍ത്തനത്തിനിടെ ഓട്ടോഡ്രൈവര്‍ റൗഫിനെ പുറത്തെടുക്കുമ്പോള്‍ നേര്‍ത്ത തുടിപ്പുണ്ടായിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ആംബുലന്‍സ് വിളിച്ചിട്ടും കൃത്യസമയത്ത് എത്താത്തതോടെ ഒരു ജീവനെങ്കിലും രക്ഷിക്കാമെന്ന വിശ്വാസവും നിലച്ചു. റൗഫിന്റെ ജീവനും അപകടസ്ഥലത്ത് പൊലിയുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാട്ടുകാര്‍ പറഞ്ഞു.
അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അപ്പുറത്താണ് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജെന്ന ബോര്‍ഡിലൊതുങ്ങിയ ആതുരാലയത്തില്‍ ഒരു ആംബുലന്‍സുണ്ടായിരുന്നെങ്കിലെന്ന് നാട്ടുകാര്‍ പറയുന്നു.
ഒ.പി. ചികിത്സ മാത്രം നടത്തിയത് കൊണ്ടെന്ത് കാര്യമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ബസ് വന്നത് അമിതവേഗത്തിലെന്ന് നാട്ടുകാര്‍
ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ച് ആളുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നതിന്റെ ഞെട്ടല്‍ പള്ളത്തടുക്കയിലെ പ്രദേശവാസികളുടെ മുഖത്ത് നിഴലിച്ചുകിടപ്പുണ്ട്. വളവും തിരിവും ഏറെയുള്ള ബദിയഡുക്ക-പെര്‍ള സംസ്ഥാനപാതയില്‍ ചെറിയ അപകടങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ദാരുണമായ സംഭവം ആദ്യമാണ്. ഓരോ അപകടവും ആളപായമില്ലാതെ കടന്നുപോകുമ്പോള്‍ നെടുവീര്‍പ്പിട്ടിരുന്ന അവരുടെ കണ്‍മുന്നിലാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ച് ജീവന്‍ പൊലിഞ്ഞത്.
പള്ളത്തടുക്ക പാലത്തിനടുത്തുള്ള വളവ് സ്ഥിരം അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരാഴ്ചയ്ക്കിടെ നാല് അപകടമാണ് ഈ പ്രദേശത്തുണ്ടായത്. കഴിഞ്ഞദിവസം ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച ബൈക്കും കാറും ഇടിച്ചു. നാലുദിവസം മുന്‍പ് നിയന്ത്രണം വിട്ട കാര്‍ റോഡില്‍നിന്ന് പുറത്തെ കുഴിയിലേക്ക് മറിഞ്ഞു. ഒരാഴ്ച മുന്‍പ് ഓട്ടോറിക്ഷയും പിക്ക്അപ്പ് വാഹനവും കൂട്ടിയിടിച്ചിരുന്നതായും നാട്ടുകാരനായ നിസാര്‍ പറഞ്ഞു.
തുടര്‍ച്ചയായുള്ള വളവും കയറ്റിറക്കവുമാണ് റോഡിനെ അപകടമേഖലയാക്കുന്നത്. പെര്‍ള ഭാഗത്തുനിന്ന് ബദിയഡുക്കയിലേക്ക് വരുന്ന റോഡ് ഇറക്കമാണ്.
നിയന്ത്രിത വേഗത്തിലല്ല വാഹനമെങ്കില്‍ അപകടമുറപ്പ്. അങ്ങനെയാണ് തിങ്കളാഴ്ചത്തെ അപകടമുണ്ടായത്.
പെര്‍ളയില്‍നിന്ന് ബദിയഡുക്കയിലേക്ക് വരികയായിരുന്ന സ്‌കൂള്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വളവില്‍ തെറ്റായ ദിശയിലായിരുന്നു ബസ്. എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിനിടയാക്കിയത്. ബസ് ഡ്രൈവറുടെ ഭാഗമാണ് റിക്ഷയില്‍ ഇടിച്ചത്.
സ്‌കൂള്‍ബസ് ഡ്രൈവര്‍ക്കെതിരേ കേസ്
ബദിയഡുക്ക: റോഡിന്റെ അപാകവും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് ബദിയഡുക്ക പള്ളത്തടുക്കയില്‍ അഞ്ചുപേരുടെ ജീവനെടുത്ത വാഹനാപകടത്തിനിടയാക്കിയത്.
മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ബസിന് യന്ത്രത്തകരാറൊന്നും കണ്ടെത്തിയില്ല. ബസിന്റെ സ്പീഡ് ഗവര്‍ണര്‍, ഹാന്‍ഡ് ബ്രേക്ക് എന്നിവയെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും സ്ഥലത്തെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സാജു ഫ്രാന്‍സിസ് പറഞ്ഞു.
അപകടത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ജോണ്‍ ഡീസൂസ (56) യ്‌ക്കെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തു.