മതനിഷേധം ആരോപിക്കുന്നത് സുന്നി ശൈലിയല്ല; വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കാന്തപുരം

0
258

കോഴിക്കോട്: മുജാഹിദുകാരെയും ജമാഅത്തെ ഇസ്‌ലാമിക്കാരെയും കുറിച്ച് ‘എന്റെ ദൃഷ്ടിയിൽ ഇവർ രണ്ടു കൂട്ടരും മുസ്‌ലിംകളേ അല്ല’ എന്ന പ്രസ്താവനയിൽ വിമർശനം ശക്തമായതോടെ വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും ദുർവ്യാഖ്യാനം ചെയ്തും സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്നതിൽ നിന്ന് എല്ലാവരും പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു.

ശരീരം ജീര്‍ണിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ശല്യമാവാതിരിക്കാനാണ് നബിയെ മറവു ചെയ്തതെന്നു വരെ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പുത്തനാശയക്കാരുടെ പ്രസിദ്ധീകരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദിക്കുന്നതുമായ ഇത്തരം ധാരണകള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് എങ്ങനെയാണ് യഥാര്‍ഥ മുസ്‌ലിമാവാന്‍ സാധിക്കുക എന്നാണ് താൻ പ്രസംഗത്തില്‍ പറഞ്ഞതെന്നും കാന്തപുരം പറഞ്ഞു.

വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനം ചെയ്തും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണം. മുസ്‌ലിംകള്‍ക്കെതിരെ ബഹു ദൈവത്വവും മത നിഷേധവും ആരോപിക്കുന്നത് സുന്നികളുടെ രീതിയല്ലെന്നും ഉത്ഭവ കാലം മുതല്‍ മുജാഹിദുകളുടെ ശൈലിയാണതെന്നും കാന്തപുരം ആരോപിച്ചു.

മുഹമ്മദ് നബിയോടുള്ള സ്നേഹവും ബഹുമാനവുമാണ് വിശ്വാസത്തിന്റെ അടിത്തറ. നബി കൊണ്ടുവന്ന മുഴുവന്‍ വിഷയങ്ങളും പൂര്‍ണമായി സ്വീകരിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ ഐഎസ്എം രം​ഗത്തുവന്നിരുന്നു. കേരളത്തിലെ മുസ്‌ലി സമുദായത്തിന്റെ ആത്മീയവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ പങ്കുവഹിച്ച മുജാഹിദുകൾ മുസ്‌ലികൾ അല്ലെന്ന നിരുത്തരവാദപരവും മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം പിൻവലിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.

മ​തം മ​റ​യാ​ക്കി​യു​ള്ള ആ​ത്മീ​യ ചൂ​ഷ​ണ​ങ്ങ​ളെ തു​റ​ന്നു എ​തി​ർ​ക്കു​ന്ന​തി​നാ​ലാ​ണ് മു​ജാ​ഹി​ദു​ക​ളെ ക്രൂ​ശി​ക്കു​ന്ന​തെ​ന്നും അ​തി​നെ​തി​രെ ഇ​നി​യും ശ​ക്ത​മാ​യ പ്ര​ചാ​ര​ണം തു​ട​രു​മെ​ന്നും ഐ.​എ​സ്.​എം വ്യ​ക്ത​മാ​ക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here