നാളെ കർണാടക ബന്ദ്: സംസ്ഥാനം സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകൾ, ബെംഗളുരുവിൽ നിരോധനാജ്ഞ

0
353

കാവേരി നദിയിൽനിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ്‌ നാളെ. കർണാടകയിലെ വിവിധ തുറകളിൽ നിന്നുള്ള നിരവധി സംഘടനകളാണ് വെള്ളിയാഴ്ചത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കട കമ്പോളങ്ങളും വ്യാപാര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ട് ബന്ദുമായി സഹകരിക്കണമെന്ന് സംഘടനകൾ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ബസ് – ടാക്സി – ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് .

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്. പൊതുഗതാഗത സർവീസുകളെയും ബന്ദ് ബാധിച്ചേക്കും. സർക്കാർ ജീവനക്കാരുടെ സംഘടനകളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പോലീസ്. ബെംഗളുരുവിൽ വ്യാഴാഴ്ച ഉച്ചയോടെ നിരോധനാജ്ഞ നിലവിൽ വന്നു. ബന്ദിനോടനുബന്ധിച്ചുള്ള റാലികളും പ്രതിഷേധ പ്രകടനങ്ങളും പോലീസ് തടയും.

പ്രശ്ന സാധ്യതയുള്ള ഭാഗങ്ങളിൽ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട് അതിർത്തികളിലും പ്രദേശത്തെ സംഘർഷ സാധ്യതയുള്ള ഗ്രാമങ്ങളിലും കർണാടക പോലീസ് പ്രട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനമൊന്നാകെ സമ്പൂർണമായി സ്‌തംഭിപ്പിക്കാനാണ് സംഘടനാ തീരുമാനിച്ചിരിക്കുന്നതെന്ന് മുൻ എം എൽ എയും സംഘടനാ നേതാവുമായ വാട്ടാൾ നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. ബന്ദിനോട് സഹകരിക്കാതെ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ തടയുമെന്നും സംസ്ഥാനത്തെ ദേശീയ പാതകൾ ഉപരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ബെംഗളൂരുവിലെ ടൗൺ ഹാളിൽ നിന്ന് കർണാടക രാജ്ഭവനിലേക്ക് ആയിരങ്ങളെ പങ്കെടുപ്പിച്ച് മാർച്ച് നടത്താനും കന്നഡ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. അതേസമയം അക്രമ സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ ഐപിഎസ്‌ പറഞ്ഞു. തമിഴ്നാട് സ്വദേശികൾ കൂട്ടമായി താമസിക്കുന്ന ബെംഗളുരുവിലെ ഇടങ്ങളിൽ പോലീസ് സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച കാവേരി പ്രശ്നത്തിൽ കന്നഡ ജലസംരക്ഷണ സമിതി ആഹ്വാനം ചെയ്ത ബന്ദ്‌ സമാധാനപരമായിരുന്നു. അന്ന് 175 സംഘടനകൾ ബന്ദിനെ പിന്തുണച്ചിരുന്നെങ്കിലും അവസാന നിമിഷം പലരും പിന്മാറിയതോടെ ബന്ദ്‌ ഭാഗികമായിരുന്നു. നാളെ നടക്കുന്ന സംസ്ഥാന ബന്ദിനെ പിന്തുണക്കമെന്ന ധാരണയുണ്ടാക്കിയായിരുന്നു പിന്മാറ്റം. എന്നാൽ നാളത്തെ ബന്ദിന് കർണാടകയിലെ സർവ മേഖലയിലുമുള്ള ഒട്ടുമിക്ക സംഘടനകളും പിന്തുണയുമായി എത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയിലെ ബന്ദ് മുന്നിൽകണ്ട് വ്യാഴാഴ്ച അവധിയെടുത്ത് ഒക്ടോബർ രണ്ട് വരെയുള്ള ദീർഘ അവധി ആഘോഷിക്കാൻ മറുനാട്ടുകാരെല്ലാം ബുധനാഴ്ച രാത്രിയോടെ നാട് പിടിച്ചിരിക്കുകയാണ്. വിഷയം കാവേരി ആയതിനാൽ എന്തും പ്രതീക്ഷിക്കാമെന്ന അവസ്ഥയാണ് കർണാടകയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here