ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, നദിയിൽ വീണ് യുവാവ് മരിച്ചു; ഗൂഗിളിനെതിരെ പരാതി

0
158

നോര്‍ത്ത് കരോലിന: ഗൂഗിള്‍ മാപ്പിലെ തെറ്റായ നിർദേശങ്ങൾ പിന്തുടര്‍ന്ന് തകര്‍ന്ന പാലത്തിലൂടെ വാഹനമോടിച്ച യുവാവ് നദിയിൽ വീണ് മരിച്ചു. സംഭവത്തിൽ ഗൂഗിളിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് യുവാവിന്‍റെ കുടുംബം. പാലം തകര്‍ന്നിരിക്കുന്ന വിവരം മാപ്പിലെ നാവിഗേഷനില്‍ വ്യക്തമാക്കത്തതാണ് അപകടത്തിന് കാരണമായത്.

മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായ ഫിലിപ്പ് പാക്സണ്‍ ആണ് തകര്‍ന്ന പാലത്തില്‍ നിന്ന് കാര്‍ നദിയിലേക്ക് വീണാണ് മുങ്ങിമരിച്ചത്. ജോലി ചെയ്യുന്നതിനിടയിലാണ് ദാരുണാന്ത്യം. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി പരിചയമില്ലാത്ത ഭാഗത്തേക്ക് യാത്രചെയ്തതിനാലാണ് ഫിലിപ്പ് ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയത്. ഫിലിപ്പ് ഓടിച്ചിരുന്ന കാർ മഞ്ഞ് മൂടിയിരുന്ന പാലത്തിലേക്ക് മാപ്പിലെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് എത്തിയത്. പാലം തകര്‍ന്നിരിക്കുന്നത് മഞ്ഞ് വീണത് മൂലം വ്യക്തമല്ലായിരുന്നു. ഒന്‍പത് വര്‍ഷം മുന്‍പ് തകര്‍ന്ന പാലത്തിലേക്കാണ് മാപ്പിലെ ദിശാ നിര്‍ദേശങ്ങള്‍ യുവാവിനെ എത്തിച്ചത്.

പാലത്തില്‍ നിന്ന് 20 അടിയോളം താഴ്ചയിലുള്ള നദിയിലേക്ക് വീണ ഫിലിപ്പിനെ രക്ഷാ സേനയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ പാലങ്ങളുടെ ചുമതലയിലുള്ള അധികൃതര്‍ പാലം തകര്‍ന്ന വിവരം പല തവണ ജി.പി.എസില്‍ അപ്ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ ജി.പി.എസില്‍ മാറ്റം പ്രതിഫലിക്കാതിരുന്നതാണ് ഈ ദാരുണാന്ത്യത്തിന് കാരണമായതെന്ന് ഫിലിപ്പിന്‍റെ കുടുംബം ആരോപിച്ചു. മാറ്റങ്ങള്‍ വരുത്താന്‍ പ്രാദേശിക ഭരണകൂടം ഗൂഗിളിനോട് ആവശ്യപ്പെട്ട ഇ മെയിലിന്റെ കോപ്പി സഹിതമാണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here