കനത്ത മഴ, രാജ്യത്തെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് പ്രൂഫ് എലിവേറ്റഡ് റോഡില്‍ വിള്ളല്‍

0
145

ഭോപ്പാല്‍: ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് ആൻഡ് സൗണ്ട് പ്രൂഫ് എലിവേറ്റഡ് റോഡില്‍ വിള്ളല്‍. മധ്യപ്രദേശിലെ സിയോനിയിലെ പെഞ്ച് ടൈഗർ റിസർവിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് റോഡിലാണ് തുടര്‍ച്ചയായ കനത്ത മഴയില്‍ വിള്ളലുണ്ടായത്. റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമാണ് വിള്ളലുകളുണ്ടായത്. വിള്ളലുകള്‍ കണ്ടതിന് പിന്നാലെ റോഡിന്റെ ഒരു ഭാഗം അടച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇത് മേഖലയില്‍ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് 960 കോടി രൂപ ചെലവിട്ട ഈ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയായിരുന്നു പാതയുടെ ഉദ്ഘാടനം ചെയ്തത്. പെഞ്ച് ടൈഗർ റിസർവിലെ വന്യജീവികളുടെ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ എലിവേറ്റഡ് പാത നിര്‍മ്മിച്ചത്. വന്യമൃഗങ്ങള്‍ക്ക് വാഹനങ്ങളുടെ ശബ്ദവും വെളിച്ചവും ശല്യമാകാതിരിക്കാനുള്ള സംവിധാനത്തോടെയായിരുന്നു ഈ റോഡ് നിര്‍മ്മിച്ചത്. നാലുവരിപ്പാതയുടെ ഇരുവശങ്ങളിലും നാലുമീറ്റർ ഉയരത്തിൽ സ്റ്റീൽ ഭിത്തിയോടുകൂടി സൗണ്ട് ബാരിയറുകളും ഹെഡ് ലൈറ്റ് റിഡ്യൂസറുകളും സ്ഥാപിച്ചായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് പ്രൂഫ് സംവിധാനമൊരുക്കിയത്.

നിര്‍മ്മാണം കഴിഞ്ഞ് ഏറെ താമസമില്ലാതെ പാതയില്‍ വിള്ളല്‍ വന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ അഴിമതിയുടെ തെളിവാണ് പാതയുടെ ശോചനീയാവസ്ഥയെന്നാണ് കോണ്‍ഗ്രസ് ആരോപണം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരും, പാലം നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്‌കോൺ കമ്പനി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here