മുംബൈ∙ സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിലെത്താൻ കഴിയാതിരുന്നതോടെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽ അസ്വാരസ്യമെന്ന് സൂചന. തൃണമൂൽ കോൺഗ്രസ്, എഎപി, ആർജെഡി, സമാജ്‌വാദി, ജനതാദൾ പാർട്ടികൾ ഈ വിഷയത്തിൽ അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ മുന്നണി യോഗത്തിനുശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പങ്കെടുത്തില്ല. ലോക്സഭാ എംപി അഭിഷേക് ബാനർജിയും തൃണമൂൽ നേതാവ് ഡെറക് ഒബ്രയനും പത്രസമ്മേളനത്തിൽ ഉണ്ടായിരുന്നില്ല. യോഗത്തിൽ, സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തിൽ എത്രയും വേഗത്തിൽ തീരുമാനം വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു.
സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തിൽ വേഗത്തിൽ തീരുമാനം വേണമെന്ന ആവശ്യവുമായി എഎപി അധ്യക്ഷൻ അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തിരുന്നു. സീറ്റുകൾ സംബന്ധിച്ച ധാരണ നേരത്തെ ഉണ്ടായാൽ മാത്രമേ കൃത്യമായ രീതിയിൽ പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ നടത്താനാവൂ എന്നും വിവിധ പാർട്ടി വക്താക്കൾ പ്രതികരിച്ചു.
ജാതി സെൻസസ് സംബന്ധിച്ച വിഷയത്തിലും കക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ജെഡിയു, സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികൾ ജാതി സെൻസസ് ആവശ്യവുമായി മുന്നോട്ടു വന്നപ്പോൾ, മമത ബാനർജി ഇതിൽ നിലപാടു വ്യക്തമാക്കിയിട്ടില്ല. തങ്ങൾ ജാതി സെൻസസിന് എതിരല്ലെന്നും എന്നാൽ അതിനു വർഗീയ നിറം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂലൈയിൽ ബെംഗളൂരുവിൽ നടന്ന മുന്നണി യോഗത്തിൽ ജാതി സെൻസസിന് അനുകൂലമായ പ്രമേയം പാസാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 440 സീറ്റിൽ ബിജെപിക്കെതിരെ പൊതുസ്ഥാനാർഥികളെ നിർത്താനാണ് ‘ഇന്ത്യ’ മുന്നണിയുടെ നീക്കം. ഇതിൽ പരമാവധി സ്ഥാനാർഥികളെ അടുത്തമാസം അവസാനത്തോടെ തന്നെ തീരുമാനിക്കാനും കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ധാരണയായി. ബിജെപി ഭരണപക്ഷമോ മുഖ്യ പ്രതിപക്ഷമോ ആയ സംസ്ഥാനങ്ങളിലാകും ‘ഇന്ത്യ’ മുന്നണി പൊതുസ്ഥാനാർഥിയെ നിർത്തുക. അങ്ങനെയല്ലാത്ത കേരളത്തിലും പഞ്ചാബിലും പൊതുസ്ഥാനാർഥികളുണ്ടാകില്ല.
ബംഗാളിൽ തങ്ങളുടെ ആളുകളെ പൊതുസ്ഥാനാർഥികളാക്കണമെന്ന തൃണമൂലിന്റെ ആവശ്യത്തിനു കോൺഗ്രസ് അനുകൂലമാണെങ്കിലും സിപിഎം അംഗീകരിച്ചിട്ടില്ല. ഇവയടക്കം വിവിധ സംസ്ഥാനങ്ങളിലായി നൂറോളം സീറ്റുകളിൽ പൊതുസ്ഥാനാർഥികളുണ്ടായേക്കില്ല. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സീറ്റ് പങ്കിടുന്നതിൽ കോൺഗ്രസിനു കടുംപിടിത്തമുണ്ടാകില്ല.