പെട്രോളിനേക്കാള്‍ വൻ ലാഭം, ഗ്യാസുകുറ്റി ഘടിപ്പിച്ച് ബൈക്കോടിച്ച് ജനം, തലയില്‍ കൈവച്ച് എംവിഡി!

0
196

പെട്രോൾ വിലക്കയറ്റത്തെ മറികടക്കാൻ ഇരുചക്രവാഹന ഉടമകള്‍ അനധികൃത പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിച്ച് ബൈക്കുകള്‍ ഓടിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ  ഈറോഡില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവരുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈറോഡില്‍ മാത്രമല്ല തമിഴ്‍നാട്ടിലെ പല ജില്ലകളും നിരവധി ഇരുചക്ര വാഹന ഉടമകള്‍ അവരുടെ വാഹനങ്ങളില്‍ ഇന്ധനച്ചെലവ് ലാഭിക്കുന്നതിനുമായി പെട്രോളിന് പകരം എല്‍പിജി എൽപിജി കിറ്റുകൾ ഘടിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറുകൾക്കും ഓട്ടോകൾക്കും മാത്രമാണ് നിലവില്‍ എൽപിജി കിറ്റുകൾ ഉപയോഗിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകുന്നത്. അപ്പോഴാണ് ഇരുചക്രവാഹന ഉടമകൾ തങ്ങളുടെ ബൈക്കുകൾ 3.5 കിലോഗ്രാം ശേഷിയുള്ള എൽപിജി സിലിണ്ടറുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി ഓടിക്കുന്നത്.  ഈ ബൈക്കുകളുടെ സുരക്ഷയെക്കുറിച്ച് മറ്റ് പല വാഹന ഉടമകളും ആശങ്ക ഉന്നയിക്കുകയും അപകട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് നടപടിയെടുക്കാൻ മോട്ടോര്‍വാഹനവകുര്രിനോടും പോലീസിനോടും ആവശ്യപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദശത്തെ നിരവധി ഇരുചക്രവാഹന ഉടമകള്‍ വീടുകളിൽ ഉപയോഗിക്കുന്ന റെഗുലേറ്ററുകളുള്ള എൽപിജി കിറ്റുകള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് സേലം കൺസ്യൂമർ ഫോറം (എസ്‌സിഎഫ്) സ്ഥാപക പ്രസിഡന്റ് ജെഎം ബൂപതി പറഞ്ഞു. ഈ സിലിണ്ടറും റെഗുലേറ്ററും പെട്രോളിയം കമ്പനികളല്ല ഉണ്ടാക്കുന്നതെന്നും പ്രാദേശികമായി നിർമ്മിക്കുന്നതാണെന്നും ഇത് അപകടസാധ്യത വീണ്ടും കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കിറ്റുമായി ബന്ധിപ്പിക്കുന്ന ട്യൂബും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിർമ്മിച്ചിരിക്കുന്നതെന്ന് ബൂപതി പറഞ്ഞു.

“ട്യൂബ് ഒരു സാധാരണ പ്ലാസ്റ്റിക് സ്ലീവ് ഉപയോഗിച്ച് ഇൻസുലേറ്റ് ചെയ്തിട്ടുണ്ട്, അത് തീപിടിക്കുന്നതാണ്. ഇത് റൈഡറെ ഒരു തരത്തിലും സംരക്ഷിക്കില്ല,” അദ്ദേഹം പറഞ്ഞു.

ടൂവീലറുകളുടെ എഞ്ചിൻ സിലിണ്ടറിനോട് ചേർന്നാണ് എൽപിജി കൺവേർഷൻ കിറ്റ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ഈറോഡിലെ ചില മെക്കാനിക്കുകള്‍ പറയുന്നു. എഞ്ചിൻ സിലിണ്ടറിൽ ഒരു പ്ലഗ് ഘടിപ്പിച്ചിട്ടുണ്ടെന്നും അത് വാഹനം ഓടുമ്പോൾ തീപ്പൊരി ഉണ്ടാക്കിയേക്കുമെന്നും അമിതമായി ചൂടാകുന്നതിനാൽ എൽപിജി കൺവേർഷൻ കിറ്റ് പൊട്ടിത്തെറിച്ചേക്കാമെന്ന ഭയവും ചില മെക്കാനിക്കുകള്‍ ഉന്നയിക്കുന്നു.

ഇരുചക്രവാഹനങ്ങളിൽ എൽപിജി കിറ്റുകൾ ഘടിപ്പിച്ച് നല്‍കാൻ നിരവധി ഏജന്‍റുമാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലത്ത് പല ബൈക്ക് ഉടമകളും തങ്ങളുടെ ജീവൻ പണയപ്പെടുത്തി പെട്രോളിൽ നിന്ന് എൽപിജിയിലേക്ക് ബൈക്ക് മാറ്റുന്നതായി ഇരുചക്രവാഹനങ്ങളിൽ എൽപിജി കിറ്റുകൾ ഘടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ ഏജന്‍റ് പറയുന്നു. ബൈക്കുകളിൽ പ്രത്യേകം ഘടിപ്പിച്ച പെട്ടിയിലും സ്‌കൂട്ടറുകളിലെ ഹെൽമെറ്റ് സ്‌പേസ് ഏരിയയ്ക്കുള്ളിലും ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുമെന്ന് ഏജൻസിയിലെ ഒരു തൊഴിലാളി പറഞ്ഞു. ഒരു എൽപിജി കിറ്റ് ഘടിപ്പിക്കാൻ 8,000 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ അനധികൃത എല്‍പിജി ഉപയോഗം മോട്ടോർ വാഹന നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.  വാഹനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ഏജൻസിയും ബൈക്ക് ഉടമയും ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി വാങ്ങണം എന്നാണ് നിയമം. എൽപിജി ഉപയോഗിച്ച് ബൈക്കിൽ മാറ്റം വരുത്തിയാൽ ഏജൻസിക്കും വാഹന ഉടമയ്ക്കുമെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ കിറ്റുകൾ ഘടിപ്പിച്ച ഏജൻസികളിൽ സ്ഥലപരിശോധന നടത്താൻ ജില്ലയിലെ ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗതാഗതവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍  പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here