സമ്പാദിച്ച പണവും, കടം വാങ്ങിയ ലക്ഷക്കണക്കിന് രൂപക്കും പുറമെ ‘ചികിത്സാസഹായവും’ ഓൺലൈൻ റമ്മി കളിക്ക്; ഒടുവിൽ ജീവനൊടുക്കി കാസർകോട്ടെ യുവാവ്

0
228

ഇടുക്കി: സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായിരുന്ന യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ റമ്മി കളിച്ച് വരുത്തിവെച്ച ലക്ഷങ്ങളുടെ ബാധ്യത. ഓൺലൈൻ റമ്മി കളിക്ക് അടിമയായ യുവാവ് ലക്ഷങ്ങളുടെ കടക്കെണി വരുത്തിവെച്ചിരുന്നതായി സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നു.കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി പികെ റോഷ് ആണ് മരിച്ചത്.

ഇടുക്കി പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം പ്രവർത്തിക്കുന്ന റിസോർട്ടിലെ ജീവനക്കാരനാണ് റോഷ്. കഴിഞ്ഞദിവസം രാത്രി 8.30ഓടെയാണ് റിസോർട്ടിന് സമീപമുള്ള മരത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ സഹപ്രവർത്തകർ കണ്ടെത്തിയത്.

റോഷ് ഓൺലൈൻ റമ്മി കളിക്ക് അടിമയായിരുന്നുവെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഇയാൾ ജോലി ചെയ്ത് സമ്പാദിച്ച പണവും കടം വാങ്ങിയ ലക്ഷക്കണക്കിന് രൂപയും ഇയാൾക്ക് റമ്മി കളിയിലൂടെ നഷ്ടമാക്കിയതായാണ് വിവരം. കള്ളം പറഞ്ഞ് കടം വാങ്ങിയും ഇയാൾ റമ്മി കളിക്ക് ഉപയോഗിച്ചിരുന്നെന്നാണ് സൂചന. മാതാപിതാക്കളുടെ ഏക മകനായ റോഷ് തന്റെ സഹോദരിയ്ക്ക് ഗുരുതര ഗോഗം ബാധിച്ചെന്നും ചികിത്സയ്ക്ക് സഹായിക്കണമെന്നും സഹപ്രവർത്തകരെ ധരിപ്പിച്ച് പണം വാങ്ങിയിരുന്നു.

റോഷിന്റെ വാക്ക് വിശ്വസിച്ചാണ് സഹപ്രവർത്തകർ ചികിത്സയ്ക്കായി 80,000 രൂപ സമാഹരിച്ച് നൽകിയത്. ഈ തുകയും ഇയാൾ റമ്മി കളിച്ച് നഷ്ടമാക്കിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here