ഭീകരന്‍റെ വെടിയേറ്റു, ചോരയില്‍ കുളിച്ച് ഭാര്യയ്ക്ക് വീഡിയോ കോൾ; കുഞ്ഞിനെ നന്നായി വളർത്തണമെന്ന് അവസാന വാക്കുകൾ

0
197

ശ്രീനഗര്‍: ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു. വെടിയുണ്ടയേറ്റ് രക്തം വാര്‍ന്ന നിലയില്‍ അദ്ദേഹം ഭാര്യ ഫാത്തിമയെ വിളിച്ചു. താന്‍ ഇനി ജീവനോടെയുണ്ടാവാന്‍ ഇടയില്ലെന്നും കുഞ്ഞിനെ നല്ലതുപോലെ വളര്‍ത്തണമെന്നുമാണ് അദ്ദേഹം ഭാര്യയോട് അവസാനമായി പറഞ്ഞത്.

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വീഡിയോ കോളില്‍ കണ്ട ശേഷമാണ് ഹുമയൂൺ ഭട്ട് കണ്ണടച്ചത്. വിവാഹ വാർഷികത്തിന് രണ്ടാഴ്ച മുമ്പാണ് ഭീകരാക്രമണത്തില്‍ ഹുമയൂണ്‍ വീരമൃത്യു വരിച്ചത്. പിതാവും വിരമിച്ച ഐജിയുമായ ഗുലാം ഹസൻ ഭട്ടിനെയും ഹുമയൂണ്‍ വിളിച്ചു.

ഹുമയൂണിന് പരിക്കേറ്റതിനു പിന്നാലെ താന്‍ ഗുലാം ഹസനോട് സംസാരിച്ചിരുന്നുവെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു. വീഡിയോ കോളില്‍ ഹുമയൂണിനെ കാണിച്ചുകൊടുത്തു. മൗണ്ടൻ റെസ്‌ക്യൂ ടീമിനെ പ്രദേശവാസികൾക്കൊപ്പം ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് അയച്ചിരുന്നു. എന്നാല്‍ അമിതമായ രക്തസ്രാവം മൂലം അപ്പോഴേക്കും ഹുമയൂണിന്‍റെ മരണം സംഭവിച്ചെന്ന് ദിൽബാഗ് സിംഗ് പറഞ്ഞു.

അനന്ത്നാഗില്‍ ഭീകരരെ നേരിടുന്നതിനിടെ മൂന്ന് പേരാണ് വീരമൃത്യു വരിച്ചത്. ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ടിനൊപ്പം കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് എന്നിവരും വീരമൃത്യു വരിച്ചു. അനന്തനാഗില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്.

ജമ്മു കശ്മീരിലെ സമാധാനം തകര്‍ക്കാന്‍ പാകിസ്ഥാൻ അതിര്‍ത്തിയിലേക്ക് ഭീകരരെ അയക്കുന്നുവെന്ന് നോർത്തേണ്‍ കമാൻറർ ലഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഏറ്റുമുട്ടല്‍ സാഹചര്യത്തില്‍ രജൗരിയിലും അനന്തനാഗിലും കനത്ത സുരക്ഷ തുടരുകയാണ്. ലഷ്കറെ തൊയ്ബയ്ക്ക് കീഴിലുള്ള നിരോധിത ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഹുമയൂൺ ഭട്ടിന്റെ സംസ്‌കാരം ജന്മനാടായ ബുദ്ഗാമിലെ ഹംഹാമയിൽ നടന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.

 

LEAVE A REPLY

Please enter your comment!
Please enter your name here