25 കോടിയിൽ കയ്യിൽ കിട്ടുക 15 കോടി അല്ല, അതിലും കുറവ്; സർക്കാരിലേക്ക് എത്ര ?

0
190

ഒടുവിൽ കാത്തിരിപ്പുകൾ അവസാനിച്ചു. ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുത്ത് കഴിഞ്ഞു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്. കോഴിക്കോട്ടെ ഏജൻസിയിൽ നിന്നും പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ആരാകും ആ ഭാ​ഗ്യശാലി എന്ന കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. ഭാ​ഗ്യനമ്പർ പുറത്തുവന്നതിന് പിന്നാലെ 25 കോടിയിൽ ഭാ​ഗ്യവാന് എത്ര രൂപ ലഭിക്കും എന്ന ചർച്ചകളാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്. 15.75 കോടി രൂപ ഭാ​ഗ്യവാന്റെ അക്കൗണ്ടിൽ വരും എന്നത് ശരിയാണ്. എന്നാൽ ഇതിൽ നിന്നും കേന്ദ്ര ടാക്സും പോയിട്ടുള്ള തുക മാത്രമേ ഭാ​ഗ്യശാലിയ്ക്ക് സ്വന്തമായി ലഭിക്കുകയുള്ളൂ.

വിശദവായനയ്ക്ക് വൈറല്‍ കുറിപ്പ്

25 കോടിയുടെ 10% ഏജന്റ് കമ്മീഷൻ കഴിച്ചാൽ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ വരും എന്നത് വസ്തുതയാണ്. എന്നാൽ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല. അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീർന്നില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ. 25 കോടി സമ്മാനം ലഭിച്ചയാൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാൻ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാൾ സ്വയം അടക്കേണ്ടതാണ്. 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12 കോടിയിലേറെ രൂപ മാത്രമാണ്. ഇക്കാര്യം കഴിഞ്ഞ വർഷത്തെ ബമ്പർ ജേതാവായ അനൂപ് വ്യക്തമാക്കിയതാണ്.

സർക്കാരിലേക്ക് എത്ര ? 

സർവകാല റെക്കോർഡ് ആണ് ഇത്തവണ തിരുവോണം ബമ്പറിന് ലഭിച്ചിരിക്കുന്നത്. 75,65,000 ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തേതിൽ നിന്നും  9 ലക്ഷം ടിക്കറ്റുകളുടെ വർദ്ധനവ്. 500 രൂപയാണ് ബമ്പർ ടിക്കറ്റ് വില. അങ്ങനെ നോക്കിയാൽ മുന്നൂറ്റി എഴുപത്തി എട്ട് കോടി 25 ലക്ഷം രൂപയാണ് വിറ്റുവരവിലൂടെ ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ. അതേസമയം, ബമ്പറില്‍ സര്‍ക്കാരിന്‍റെ ലാഭം 3 ശതമാനം ആണെന്നാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here